പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി ആരോഗ്യ പെരുമ്പാവൂര്‍ പദ്ധതി. ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിക്ക് വേണ്ടിയുള്ള കേരള സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് ആരോഗ്യ പെരുമ്പാവൂര്‍. കഴിഞ്ഞ രണ്ടര വര്‍ഷങ്ങളായി മികച്ച സേവനമാണ് പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂരില്‍ നടപ്പിലാക്കിയിരിക്കുന്നത്. ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ആശുപത്രികളെ രോഗി സൗഹൃദമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്.
ആരോഗ്യ മേഖലയിലെ അടിസ്ഥാനപരമായ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സമഗ്ര മാറ്റങ്ങള്‍ക്കുള്ള ഇടപെടലുകളുമാണ് ഇക്കാലയളവില്‍ നടത്തിയത്.
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പുതിയ കെട്ടിടങ്ങള്‍, കെയര്‍ പെരുമ്പാവൂര്‍, ഓക്‌സിജന്‍ കോണ്‍സെന്ററേറ്റര്‍ എന്നിങ്ങനെ നിരവധി സേവനങ്ങളാണ് ആരോഗ്യ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായി നടപ്പില്‍ വരുത്തിയിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് മികച്ച സേവനം ലഭ്യമാകുന്നതിന് എല്ലാ വിധ സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യപടി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. കോടനാട് പ്രാഥമികാരോഗ്യ കേന്ദ്രമാണ് ജില്ലയില്‍ ആദ്യമായി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. കൂടാതെ ഒക്കല്‍, മുടക്കുഴ, രായമംഗലം എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടി ഈ വര്‍ഷം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. ആര്‍ദ്രം മിഷന്റെ ഭാഗമായി രോഗ പ്രതിരോധം, ആരോഗ്യ വര്‍ദ്ധന, ചികിത്സാ പ്രവര്‍ത്തനം, സാന്ത്വന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ സേവനങ്ങളാണ് കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി പെരുമ്പാവൂരില്‍ നടപ്പിലാക്കുന്നത്. കൂടാതെ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ വികസന ഫണ്ടില്‍നിന്നും 88 ലക്ഷം രൂപ അനുവദിച്ച് ഒക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട നിര്‍മ്മാണം നടത്തി. മിനി ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ 2900 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള പുതിയ കെട്ടിടത്തില്‍ സജ്ജീകരിക്കും. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. പെരുമ്പാവൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ നിലവിലുള്ള ഒ.പി ബ്ലോക്ക് നവീകരിക്കുന്നതിനും യോഗാ സെന്റര്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 41 ലക്ഷം രൂപയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി.
ഇതോടൊപ്പം ചേരാനല്ലൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ പുതിയ ഓഫീസ് നിര്‍മാണ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു. നവീന മാതൃകയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 56 ലക്ഷം രൂപയാണ് പദ്ധതി നിര്‍വഹണത്തിനായി കണക്കാക്കുന്നത്. കൂടാതെ തൂങ്ങാലി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നതിന് 40 ലക്ഷം രൂപയും പദ്ധതിയുടെ ഭാഗമായി അനുവദിച്ചിട്ടുണ്ട്.
സാന്ത്വന പരിചരണം ആവശ്യമായ രോഗികള്‍ക്ക് ഒരു കൈത്താങ്ങ് എന്ന ഉദ്ദേശത്തോടെയാണ് കെയര്‍ പെരുമ്പാവൂര്‍ പദ്ധതി ഇതിന്റെ ഭാഗമായി ആരംഭിച്ചിരിക്കുന്നത്. പെരുമ്പാവൂരിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ വഴിയാണ് കിടപ്പുരോഗികള്‍ക്ക് ആവശ്യമായ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത്. ആരോഗ്യ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കെയര്‍ പെരുമ്പാവൂര്‍ നിരവധി രോഗികള്‍ക്ക് ആശ്വാസമേകുന്നുണ്ട്. പരിചരണം ആവശ്യമായ രോഗികളെ പരിചരിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ആംബുലന്‍സ് സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. അഞ്ച് മിനി ആംബുലന്‍സുകളാണ് ഇതിനായി നല്‍കിയിരിക്കുന്നത്. കൂവപ്പടി, ഒക്കല്‍, വെങ്ങോല, വേങ്ങൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകള്‍ക്കും കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ സാന്ത്വന പരിചരണ വിഭാഗങ്ങള്‍ക്കു മായാണ് ആംബുലന്‍സ് നല്‍കിയിരിക്കുന്നത്. എം.എല്‍.എ ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്.
കിടപ്പു രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി ഓക്‌സിജന്‍ കോണ്‍സെന്ററേറ്റര്‍ നല്‍കുന്ന പദ്ധതിയും ആരോഗ്യ പെരുമ്പാവൂരിന്റെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ കിടപ്പു രോഗികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനായി ഓരോ പാലിയേറ്റിവ് കെയര്‍ യൂണിറ്റുകള്‍ക്കും രണ്ടെണ്ണം വീതം ആകെ 16 ഓക്‌സിജന്‍ കോണ്‍സെന്ററേറ്ററുകളാണ് എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള 8.24 ലക്ഷം രൂപ വിനിയോഗിച്ചു നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം പദ്ധതി ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്നത്. റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ അപകടങ്ങളും അസുഖങ്ങളും മറ്റു കാരണങ്ങള്‍ കൊണ്ടും കാലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കൃത്രിമ കാല്‍ നല്‍കുന്ന പദ്ധതിയും ആരോഗ്യ പെരുമ്പാവൂരില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയിട്ടുണ്ട്. 23 പേര്‍ക്കാണ് പെരുമ്പാവൂര്‍ മണ്ഡലത്തില്‍നിന്നും കൃത്രിമക്കാലുകള്‍ വച്ച് നല്‍കിയത്.
കൂടാതെ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ 25 കോടി രൂപയുടെ പുതിയ പദ്ധതി സംസ്ഥാന ബജറ്റിലേക്ക് സമര്‍പ്പിക്കുകയും ഇതിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുവാന്‍ സംസ്ഥാന ധനകാര്യ വകുപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിപുലമായ യോഗം ചേരുകയും പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം വെങ്ങോല സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേകം ക്ലിനിക്ക് ആരംഭിക്കുന്നതിനും സംസ്ഥാന ബജറ്റിലേക്ക് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. കാന്‍സര്‍ നേരത്തെ തന്നെ തിരിച്ചറിയുന്നതിനുള്ള ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍ കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് ആരോഗ്യ പെരുമ്പാവൂര്‍ പദ്ധതിയിലുള്‍പ്പെടുത്തി നിവേദനം നല്‍കുകയും വിഷയം നിയമസഭയില്‍ സബ്മിഷനായും ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി താലൂക്ക് തലത്തില്‍ നടപ്പിലാക്കുമ്പോള്‍ കോടനാടിനെ പരിഗണിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം തൂങ്ങാലി സാമൂഹ്യാരോഗ്യ കേന്ദ്രം ദേശിയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കേരളത്തിന് അനുവദിക്കുന്ന ഏയിംസ് നിലവാരത്തിലുള്ള ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുത്ത ട്രാവന്‍കൂര്‍ റയോണ്‍സ് ഭൂമിയില്‍ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയ്ക്ക് നിവേദനം സമര്‍പ്പിച്ചു. പദ്ധതി പരിഗണിക്കാമെന്ന മറുപടിയാണ് മന്ത്രിയില്‍ നിന്നും ലഭ്യമായത്. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി ആരോഗ്യ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായി മികച്ച സേവനങ്ങളാണ് നടപ്പാക്കുന്നത്.