അസന്നിഹിത വോട്ടർ വിഭാഗത്തിൽപ്പെടുന്ന 85 വയസ് പിന്നിട്ട വോട്ടർമാർക്കും 40 ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവർക്കും സുരക്ഷിതമായ വോട്ടിംഗ് ഉറപ്പ് വരുത്തി വീട്ടിൽ വോട്ട് പുരോഗമിക്കുന്നു. ചാലക്കുടി,എറണാകുളം മണ്ഡലത്തിലായി ഇതുവരെ 7969 വോട്ടർമാർ സേവനം ഉപയോഗപ്പെടുത്തി.

ഏപ്രിൽ 15 നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടർമാരുടെ വീടുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തൽ ആരംഭിച്ചത്. അഞ്ചു ദിവസം പിന്നിടുമ്പോൾ എറണാകുളം മണ്ഡലത്തിൽ 2475 പേരും ചാലക്കുടി മണ്ഡലത്തിൽ 5494 പേരുമാണ് ഈ സംവിധാനം വഴി വോട്ട് അവകാശം ഉറപ്പുവരുത്തിയത്.

ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലായി 153 സംഘങ്ങളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. രണ്ട് പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാഉദ്യോഗസ്ഥൻ, ബി.എൽ.ഒ എന്നിവരടങ്ങുന്ന സംഘമാണ് വീടുകളിലെത്തുന്നത്. ഏപ്രിൽ രണ്ടിന് മുമ്പായി ഫോം 12 ഡി പ്രകാരം അപേക്ഷ സമർപ്പിച്ചവർക്കാണ് വീട്ടിൽ വോട്ട് ചെയ്യാൻ അവസരം.

വോട്ടർപട്ടികയിൽ 85 വയസ്സ് പൂർത്തിയായവർക്കും പിഡബ്ല്യുഡി ആയി മാർക്ക് ചെയ്തവർക്കും അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്കും മാത്രമാണ് ഈ അവസരം ലഭിക്കുന്നത്.