ഓംചേരിക്കും കൊല്ലം വിജയകുമാരിക്കും എസ്.എല്‍. പുരം സദാനന്ദന്‍ 
 നാടക പുരസ്‌കാരങ്ങള്‍
മലയാളത്തിലെ മികച്ച നാടകപ്രവര്‍ത്തകര്‍ക്ക് സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന എസ്.എല്‍. പുരം സദാനന്ദന്‍ നാടക പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 2016ലെ അവാര്‍ഡ് ഓംചേരി എന്‍ നാരായണപിള്ളയ്ക്കും 2017ലെ അവാര്‍ഡ് കൊല്ലം വിജയകുമാരിക്കുമാണ്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയുമാണ് പുരസ്‌കാരം.
2007ലാണ് സംഗീത നാടക അക്കാദമി എസ്.എല്‍. പുരം സദാനന്ദന്റെ സ്മരണയ്ക്കായി നാടക അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2016 ല്‍  അവാര്‍ഡ് പ്രഖ്യാപിക്കാതിരുന്നതിനാലാണ് 2016ലെയും 17ലെയും അവാര്‍ഡുകള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നത്.
  കെ.പി.എ.സി ലളിത ചെയര്‍പേഴ്സണും എന്‍. രാധാകൃഷ്ണന്‍ നായര്‍ കണ്‍വീനറും ആര്‍ട്ടിസ്റ്റ് സുജാതന്‍, പ്രൊഫ.  അലിയാര്‍, ചന്ദ്രദാസന്‍ എന്നിവര്‍ അഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. ലോക നാടക വാരാചരണത്തോടനുബന്ധിച്ച് മാര്‍ച്ച് 21 മുതല്‍ 27 വരെ സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ നടക്കുന്ന നാടകോത്സവത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.