കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടായ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബര്‍ ഒന്‍പത്) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായിരിക്കും.
സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറയും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, മേയര്‍ വി.കെ. പ്രശാന്ത്, എം.പിമാരായ ഡോ. ശശി തരൂര്‍, ഡോ. എ. സമ്പത്ത്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവര്‍ ആശംസയര്‍പ്പിക്കും. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ നന്ദി പറയും.
ക്ഷേത്രപ്രവേശന വിളംബരവും അതിന് മുമ്പും തുടര്‍ന്നും നടന്ന നവോത്ഥാന മുന്നേറ്റങ്ങളും കോര്‍ത്തിണക്കി നൂറിലധികം ചിത്രങ്ങളുടെ പ്രദര്‍ശനം വിജെടി ഹാളില്‍ നടക്കും. കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് തുടക്കം കുറിച്ച ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാവും ഇത്. ക്ഷേത്രപ്രവേശന വിളംബര ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ്, സാംസ്‌കാരികം, ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ് വകുപ്പുകളുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ ക്ഷേത്രപ്രവേശന വിളംബര കൈപ്പുസ്തകം പ്രദര്‍ശന വേദിയില്‍ ലഭിക്കും.
നവംബര്‍ 10ന് രാവിലെ10.30ന് സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒത്തുചേരല്‍ നടക്കും. വൈകിട്ട് മൂന്നിന് നവോത്ഥാനം സ്ത്രീ പൗരാവകാശം എന്ന വിഷയത്തില്‍ സംവാദവും ആറിന് ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ നാടകവും അവതരിപ്പിക്കും. കുട്ടികള്‍ക്കായി ചിത്രരചന, ഉപന്യാസം, പ്രശ്‌നോത്തരി മത്‌സരങ്ങള്‍ സംഘടിപ്പിക്കും. 10ന് രാവിലെ 10 മുതല്‍ 12 വരെയാണ ചിത്രരചന. ഉച്ചക്ക് രണ്ടര മുതല്‍ ഉപന്യാസ രചന. പ്രശ്‌നോത്തരി 11ന് രാവിലെ 10 മുതല്‍ നടക്കും. വൈകിട്ട് നാലുമണിക്ക് ‘നാവോത്ഥാനം: വര്‍ത്തമാനവും ചരിത്രവും’ എന്ന വിഷയത്തില്‍ സുനില്‍ പി. ഇളയിടം പ്രഭാഷണം നടത്തും. ആറ് മണി മുതല്‍ കവിയരങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.
നവംബര്‍ 12ന് വൈകിട്ട് ‘ഭരണഘടന: വിശ്വാസവും ആരാധനാസ്വാതന്ത്ര്യവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനവും തുടര്‍ന്ന് സമ്മാനദാനവും നടക്കും. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും 12 വരെ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചമര്‍ത്തലുകളും നിറഞ്ഞ  കാലത്തെ ഓര്‍മപ്പെടുത്താനും സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയും നവോത്ഥാന നായകരുടേയും നേതൃത്വത്തില്‍ നടന്ന മാനവികമുന്നേറ്റങ്ങളും പുരോഗതിയും സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നത്.