സംസ്ഥാന പോഷകാഹാര വാരാചരണം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
സമൂഹത്തിന്റെ ആരോഗ്യ പരിപാലനത്തിന് പോഷകാഹാരം ആധാരമാക്കിയുള്ള ഭക്ഷമണരീതി ശീലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചര്‍ പറഞ്ഞു. സംസ്ഥാന പോഷകാഹാര കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാന പോഷകാഹാര വാരാചരണം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഫാസ്റ്റ് ഫുഡിന്റെയും ടിന്‍ഫുഡിന്റെയും വ്യാപകമായ ഉപയോഗം സമൂഹത്തില്‍ പൊണ്ണത്തടി പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ക്രമാതീതമാക്കി. ശരീരത്തിന്റെ മാത്രമല്ല, മനസ്സിന്റെ ആരോഗ്യത്തിനും അത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു. പോഷകസമൃദ്ധമായ മിതമായ ഭക്ഷണരീതി കാലഘട്ടത്തിന്റെ ആവശ്യമാണ്. ഗര്‍ഭിണികളുടെ ആഹാരക്രമവും പ്രധാനമാണ്. പഴമയിലെ നന്മകള്‍ തിരിച്ചുകൊണ്ടുവരികയും പുതുതായി വരുന്ന നന്മകളെ കൂട്ടിച്ചേര്‍ക്കുകയും പുതിയതും പഴയതുമായ തിന്മകളെ തള്ളിക്കളയുകയും വേണം.
കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ വിസമ്മതിക്കുന്ന അവസ്ഥ അപകടകരമാണ്. മുലയൂട്ടാത്ത അമ്മമാരില്‍ പലവിധ അസുഖങ്ങള്‍ മാത്രമല്ല, മാനസിക സമ്മര്‍ദ്ദവും സാധാരണമാണ്. മുലയൂട്ടുന്ന അമ്മമാരില്‍ ഗര്‍ഭാശയ ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ ഉണ്ടാകുന്നത് കുറവാണെന്നും കാണാം.
പുരോഗമന കാലഘട്ടത്തിലും നമ്മുടെ മനസ്സുകളില്‍ വൃത്തികെട്ട ഇരുട്ട് കൂടുകൂട്ടുന്നത് നിര്‍ഭാഗ്യകരമാണ്. ആചാരത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാവുന്ന മാനസികാവസ്ഥയില്‍നിന്ന് നാം സ്വതന്ത്രരാവണമെന്നും ടീച്ചര്‍ പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൗണ്‍സിലര്‍ ഐഷാ ബേക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത പി.പി., പൊതുജനാരോഗ്യം അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി വി., എന്‍.സി.ഡി. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. വിപിന്‍ കെ. ഗോപാല്‍, സ്റ്റേറ്റ് ന്യൂട്രീഷ്യന്‍ ഓഫീസര്‍ ഡോ. ശ്രീലതാകുമാരി, ചീഫ് സയന്റിഫിക് ഓഫീസര്‍ ഇന്‍ ചാര്‍ജ് താരാകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.