യുവതയുടെ ലഹരിഉപയോഗം കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നതിനു പ്രധാന കാരണമാകുന്നുവെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിങ്ങിലാണ് അംഗമായ ഇന്ദിര രവീന്ദ്രന്റെ നിരീക്ഷണം. വയോജനങ്ങള്‍നേരിടുന്ന പ്രശ്‌നങ്ങള്‍ അതീവ പ്രാധാന്യമുള്ളവയാണ്. പുതുതലമുറ-മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ വഞ്ചനയില്‍ അകപ്പെടുന്നതും ആശങ്കയുളവാക്കുന്നു. ഇങ്ങനെ ഒട്ടേറെ സ്ത്രീകള്‍ കടക്കെണിയില്‍പ്പെടുന്നുമുണ്ട്.  ഇതിനെതിരെയുള്ള ബോധവത്കരണത്തിനായി ക്ലാസ്സുകളും ശില്പശാലകളും കമ്മിഷന്‍ നടത്തുന്നു. തീരദേശം, ആദിവാസി, പ്ലാന്റേഷന്‍ മേഖലകളിലായി പബ്ലിക് ഹിയറിങ് നടത്തുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ട്.

ജാഗ്രതസമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമായിട്ടുണ്ട്.  സുതാര്യതയ്‌ക്കൊപ്പം പരാതികളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതാണ് സമിതിയുടെ വിശ്വാസ്യത വര്‍ധിക്കുന്നതിന് കാരണമായെതെന്നും പറഞ്ഞു.
ആകെ 105 കേസുകള്‍പരിഗണിച്ചു. 31 എണ്ണം തീര്‍പ്പാക്കി. 6 എണ്ണം റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി വിവിധ വകുപ്പുകളിലേക്ക് നല്‍കി. 68 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്കായി മാറ്റി. ഹേമ എസ്. ശങ്കര്‍, ബെച്ചി കൃഷ്ണ, സീനത് ബീഗം, ജോസ് കുര്യന്‍ എന്നിവരും പങ്കെടുത്തു.