കോട്ടയം: കേരളത്തിലെ സഹകരണമേഖല തങ്ങളുടെ ഭാവനയ്ക്കും അപ്പുറത്താണെന്ന് ജാർഖണ്ഡിൽ നിന്നുള്ള സഹകരണമേഖലയുടെ പ്രതിനിധികൾ. കേരളത്തിലെ സമസ്തമേഖലകളിലും സഹകരണപ്രസ്ഥാനങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് തങ്ങളുടെ കേരളസന്ദർശനത്തിലെ അനുഭവമെന്നും സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ജനറലിന്റെ കോട്ടയം ഓഫീസിലെത്തിയ ജാർഖണ്ഡ് പ്രതിനിധികൾ പറഞ്ഞു. ജാർഖണ്ഡിലെ സഹകരണമേഖലയായ ജാർഖണ്ഡ് ലോക് സഹകാർ മഹാസംഘ് ചെയർമാൻ ജയേന്ദ്രകുമാർ, ജനറൽ സെക്രട്ടറി അമൽ പാണ്ഡേ, ജോയിന്റ് സെക്രട്ടറി സുധാംശു ശേഖർ എന്നിവരാണ് കേരളത്തിലെ സഹകരണമേഖലയെക്കുറിച്ചു പഠിക്കാനും അറിയാനും ആശയക്കൈമാറ്റത്തിനുമായി സംസ്ഥാനത്ത് എത്തിയത്.
22ന് സംസ്ഥാനത്ത് എത്തിയ സംഘം തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലുള്ള സഹകരണസംഘങ്ങൾ സന്ദർശിച്ചു. മേയ് 29ന് എറണാകുളം ജില്ലയിലെ സഹകരണസംഘങ്ങൾ സന്ദർശിക്കുന്ന സംഘം മേയ് 30ന് മടങ്ങും. മേയ് 28ന് കോട്ടയം ജില്ലയിലെത്തിയ സംഘം നാട്ടകം മറിയപ്പള്ളിയിലെ അക്ഷരമ്യൂസിയം, സാഹിത്യപ്രവർത്തക സഹകരണസംഘം ഓഫീസ്, കോട്ടയം അർബൻ ബാങ്ക് എന്നിവ സന്ദർശിച്ചശേഷമാണ് ജോയിന്റ് രജിസ്ട്രാർ ഓഫീസിലെത്തിയത്. തുടർന്ന് കുമരകം വടക്കുംഭാഗം സർവീസ് സഹകരണ ബാങ്കും സന്ദർശിച്ചു.
കോട്ടയം മാതൃകയിൽ ജാർഖണ്ഡിലും അക്ഷരമ്യൂസിയം സ്ഥാപിക്കുമെന്ന് അക്ഷരമ്യൂസിയം സന്ദർശിച്ചശേഷം പ്രതിനിധികൾ പറഞ്ഞു. വരും തലമുറയ്ക്കു നൽകാനാവുന്ന വലിയ സമ്പാദ്യമായിരിക്കും അത്. കേരളമാതൃകയിൽ സഹകരണസംഘങ്ങൾ ശക്തിപ്പെടുത്തിയാലോ ജാർഖണ്ഡിലെ ഭൂരിപക്ഷം വരുന്ന പിന്നാക്കക്കാർക്ക് അഭിവൃദ്ധിയുണ്ടാകു. ജാർഖണ്ഡിൽ അൻപതിനായിരത്തിലേറെ സഹകരണസംഘങ്ങൾ ഉണ്ടെങ്കിലും പരിമിതികൾ ഏറെയാണെന്നും അതിനെ നവീകരിക്കുന്നതിനുള്ള ആശയങ്ങൾ തേടുകയാണു കേരളസന്ദർശനം കൊണ്ടു ലക്ഷ്യമിടുന്നതെന്നും ചെയർമാൻ ജയേന്ദ്രകുമാറും ജനറൽ സെക്രട്ടറി അമൽ പാണ്ഡേയും വ്യക്തമാക്കി.
ജോയിന്റ് രജിസ്ട്രാർ ജനറൽ ഓഫീസിലെത്തിയ സംഘത്തെ കോട്ടയം സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ എൻ. വിജയകുമാറും കോട്ടയം സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണനും സഹകരണവകുപ്പ് ഓഫീസ് ജീവനക്കാരും ചേർന്നു സ്വീകരിച്ചു. ഓഫീസിന്റെ പ്രവർത്തനങ്ങൾ സന്ദർശകസംഘം ജീവനക്കാരോടു ചോദിച്ചറിഞ്ഞു. മൂവർക്കും വകുപ്പിന്റെ ഉപഹാരം സഹകരണസംഘം സർക്കിൾ യൂണിയൻ ചെയർമാൻ കെ.എം. രാധകൃഷ്ണൻ കൈമാറി.