സർക്കാർ ജീവനക്കാർക്ക് സായാഹ്ന / പാർട്ട് ടൈം / വിദൂര വിദ്യാഭ്യാസ / ഓൺലൈൻ കോഴ്സുകളിൽ പങ്കെടുക്കുന്നതിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

      ജീവനക്കാർ ചേർന്ന് പഠിക്കാൻ താല്പര്യപ്പെടുന്ന കോഴ്സ് തുടങ്ങുന്നതിന് 2 മാസം മുൻപായി വകുപ്പ് മേധാവിക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽ അപേക്ഷയിന്മേൽ വകുപ്പ് മേധാവി തീരുമാനമെടുക്കണം. കാലതാമസം ഒഴിവാക്കുന്നതിലേക്കായി ബന്ധപ്പെട്ട ജില്ലാ മേധാവി മുഖാന്തിരം വകുപ്പ് തലവന് നേരിട്ടോ ഓൺലൈൻ വഴിയോ അപേക്ഷ സമർപ്പിക്കാം. അനുമതി നിഷേധിക്കുന്ന അവസരത്തിൽ അപ്പീൽ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം. ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റർ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളിൽ മാത്രമേ ഉപരി പഠനം നടത്തുന്നതിന് അനുമതി നൽകുവാൻ പാടുള്ളൂ. എന്നാൽ ഇത്തരം കോഴ്സുകളിൽ പങ്കെടുക്കുന്നു എന്ന കാരണത്താൽ ഓഫീസ് സമയത്തിൽ യാതൊരു ഇളവും അനുവദിക്കില്ല.

      ഓഫീസ് സമയത്ത് യാതൊരു ഓൺലൈൻ / ഓഫ്‌ലൈൻ കോഴ്സുകളിലും പങ്കെടുക്കുവാൻ പാടില്ല. മുൻകൂർ അനുമതി കൂടാതെ ഓൺലൈൻ / ഓഫ്‌ലൈൻ കോഴ്സുകളിൽ ചേർന്ന് പഠനം നടത്തുന്ന ജീവനക്കാർക്കെതിരെ ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കാം. അടിയന്തിര പ്രാധാന്യമുള്ള സാഹചര്യങ്ങളിൽ ഔദ്യോഗിക കൃത്യ നിർവഹണത്തിനായി ഈ ജീവനക്കാർ ഓഫീസ് പ്രവർത്തി സമയം കഴിഞ്ഞും മേലധികാരിയുടെ നിർദ്ദേശാനുസരണം ഓഫീസിൽ സേവനം ലഭ്യമാക്കണം. ഇത്തരം സന്ദർഭങ്ങളിൽ പഠന കോഴ്സുകളിൽ പങ്കെടുക്കുന്നു എന്ന കാരണത്താൽ നിർദ്ദേശം ലംഘിക്കുന്ന പക്ഷം സർക്കാർ നൽകിയ അനുമതി റദ്ദ് ചെയ്തതായി കണക്കാക്കി തുടർനടപടികൾ സ്വീകരിക്കും.

      കോഴ്സുകളിൽ ചേർന്ന് പഠിക്കുന്ന ജീവനക്കാർക്ക് ഭരണ സൗകര്യാർഥം നടത്തുന്ന സ്ഥലം മാറ്റത്തിൽ നിന്നും മേൽ കാരണത്താൽ സംരംക്ഷണം ലഭിക്കുന്നതല്ലെന്നും ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിൽ പറയുന്നു. (സ.ഉ (കൈ)നം 6/2024/P&ARD, തീയതി 07.06.2024)