ലോക കേരള സഭയുടെ “വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും” എന്ന വിഷയത്തിൽ നടന്ന മേഖലാ ചർച്ചയിൽ ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടിയേറ്റ നിയമങ്ങൾ കർശനമാകുന്ന സാഹചര്യം നിലനിൽക്കുന്നുവെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. യൂറോപ്യൻ രാജ്യങ്ങൾ നാടുകടത്തൽ ഉൾപ്പെടെയുള്ള നയങ്ങളിലേക്ക് കടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി വിദേശത്ത് താമസിച്ച് ജോലി ചെയ്യുന്ന മലയാളികൾക്ക് പുതിയ കുടിയേറ്റ നിയമങ്ങൾ ആശങ്കയുയർത്തുന്നതായി മന്ത്രി പറഞ്ഞു.

വിദഗ്ധ തൊഴിലാളികൾക്ക് വിവിധ തൊഴിൽ മേഖലകളിൽ ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കേരളത്തിന്റെ വിദ്യാഭ്യാസ നയത്തിൽ മാറ്റം വരുത്തണമെന്നും, നോർക്ക, ഒഡാപ്പെക്ക് തുടങ്ങിയ സ്ഥാപനങ്ങൾ മുഖേന പ്രീ ഡിപ്പാർച്ചർ പരിശീലന പരിപാടി നടപ്പാക്കണമെന്നും ചർച്ചയിൽ അഭിപ്രായപ്പെട്ടു.

ഭാവിയിലെ സ്ഥിരതാമസത്തിനുള്ള സാഹചര്യം ഇല്ലാത്തതിനെ തുടർന്ന്, കുടിയേറ്റക്കാരുടെ തൊഴിൽ അവസരങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിന് നോർക്ക റൂട്ട്സ് വഴിയുള്ള പ്രചാരണം സഹായകമാകും.

ആഫ്രിക്ക ഉയർന്നുവരുന്ന ഒരു തൊഴിൽ മാർക്കറ്റാണ്, ഇവിടെ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ട്. താരതമ്യേന ലളിതമായ വിസ നിബന്ധനകൾ ഉള്ള ഈ മേഖലയിലേക്ക് നോർക്ക ശ്രദ്ധ നൽകണമെന്നും ചർച്ചയിൽ അഭിപ്രായപ്പെട്ടു.

അമേരിക്കയിലേക്ക് വിദ്യാർത്ഥി വിസയിലൂടെ കൂടുതലായും കുടിയേറ്റം നടക്കുന്നതായി അറിയിച്ചു. കേരളത്തിൽ നിന്ന് ഇവിടേക്ക് പോകുന്ന കുട്ടികൾക്ക് ഇൻഷുറൻസ് ഇവിടെ നിന്നുതന്നെ എടുത്തു പോകേണ്ട സാഹചര്യം നോർക്ക വഴി നടപ്പാക്കണം.

വിദേശത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാൻ, പ്രവാസികൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ Alternative Dispute Resolution മാതൃകയിൽ നിയമ സഹായ സംവിധാനം ഒരുക്കണം എന്നും ചർച്ചയിൽ അഭിപ്രായപ്പെട്ടു.

നിർമാണം, ശുചീകരണം, ഗാർഹികതൊഴിൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ ചൂഷണം അനുഭവിക്കുന്നുണ്ടെന്നും, ഇവർക്ക് നിയമപരിരക്ഷ നൽകാൻ നോർക്ക മുന്നോട്ടുവരണമെന്നും ആവശ്യം ഉയർന്നു.

ചർച്ചയിൽ എം എൽ എ മാരായ അഹമ്മദ് ദേവർകോവിൽ, പി നന്ദകുമാർ, എം നൗഷാദ്, ടി പി രാമകൃഷ്ണൻ, നിയമവകുപ്പ് സെക്രട്ടറി കെ ജി സനൽ കുമാർ എന്നിവർ പങ്കെടുത്തു.