സാങ്കേതിക സർവകലാശാലാ നിയമത്തിൽ ഭേദഗതി

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ ജനാധിപത്യവൽക്കരണം ലക്ഷ്യമിട്ട് സർവകലാശാല നിയമം ഭേദഗതി ചെയ്യാൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ഭേദഗതി അനുസരിച്ച് സെനറ്റിൽ വിദ്യാർത്ഥി പ്രതിനിധികളും അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിനിധികളും ഉണ്ടാകും. സെനറ്റിലെ 6 വിദ്യാർത്ഥി പ്രതിനിധികളിൽ ഒരാൾ വനിതയും ഒരാൾ എസ്.സി-എസ്.ടി വിഭാഗത്തിൽ നിന്നുളള വിദ്യാർത്ഥിയുമായിരിക്കും.
ഓർഡിനൻസ് നിയമമാകുമ്പോൾ മറ്റ് സർവകലാശാലകളിലെപോലെ ബോർഡ് ഓഫ് സ്റ്റഡീസ്, ഫിനാൻസ് കമ്മിറ്റി, പ്ലാനിംഗ് കമ്മിറ്റി, വിദ്യാർത്ഥി കൗൺസിൽ എന്നിവ രൂപീകൃതമാകും. നിലവിലുളള നിർവാഹക സമിതിക്കു പകരം ഇനി സിൻഡിക്കേറ്റായിരിക്കും. സിൻഡിക്കേറ്റിൽ വിദ്യാർത്ഥി പ്രതിനിധിക്ക് പ്രാതിനിധ്യമുണ്ടാകും. വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയാകാത്ത സാഹചര്യത്തിൽ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിയെ സർക്കാരിന് നാമനിർദേശം ചെയ്യാവുന്നതാണ്. സാങ്കേതിക സർവ്വകലാശാലയുടെ ജനാധിപത്യവൽക്കരണം വിദ്യാർത്ഥികളുടെയും അധ്യാപക സമൂഹത്തിന്റെയും ദീർഘകാലമായുളള ആവശ്യമാണ്.

സി.കെ. വിനീതിന് സർക്കാർ ജോലി
പ്രശസ്ത ഇന്ത്യൻ ഫുട്‌ബോൾ താരം സി.കെ. വിനീതിന് സ്‌പോർട്‌സ് ക്വാട്ടയിൽ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പിൽ അസിസ്റ്റന്റായി സൂപ്പർന്യൂമററി തസ്തികയിൽ നിയമനം നൽകാൻ തീരുമാനിച്ചു.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ അദ്ധ്യാപകരുടെ വിരമിക്കൽ തീയതി അക്കാദമിക്ക് വർഷത്തിന്റെ അവസാനം വരെ നീട്ടുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.

ഇടുക്കി ജില്ലയിലെ മൂന്ന് ആയുവേദ ആശുപത്രികളിൽ ഏഴ് ആയുർവേദ തെറാപ്പിസ്റ്റ് (ഗ്രേഡ് 2) തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. പാറേമാവ്, കല്ലാർ, തൊഴുപുഴ എന്നിവിടങ്ങളിലെ സർക്കാർ ആയുർവേദ ആശുപത്രികളിലാണ് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്.
സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ കാർഷിക വിഭാഗം ചീഫ് ആയി വിരമിച്ച ഡോ. രാജശേഖരനെ സംസ്ഥാന കാർഷിക വിലനിർണയ ബോർഡിന്റെ ചെയർമാനായി നിയമിക്കാൻ തീരുമാനിച്ചു.
മയക്കുമരുന്നു ദുരുപയോഗം സംബന്ധിച്ച് പഠനം നടത്തുന്നതിന് എക്‌സൈസ് വകുപ്പിൽ ഒരു ഗവേഷണ, റിസോർസ് ഗ്രൂപ്പ് രൂപീകരിക്കും.
സ്വകാര്യസ്ഥാപനങ്ങളിൽനിന്ന് ഉൾപ്പെടെ വിവിധ ധനകാര്യ ഏജൻസികളിൽ നിന്ന് മത്സ്യതൊഴിലാളികൾ എടുത്ത വായ്പയുടെ തിരിച്ചുപിടിക്കൽ നടപടികൾക്ക് പ്രഖ്യാപിച്ച മൊറോട്ടോറിയത്തിന്റെ കാലാവധി 2018 ഡിസംബർ 31 വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചു.
കണ്ണൂർ വിമാനത്താവളത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോൾ വീടുമാറുന്നവർക്ക് അനുവദിക്കുന്ന വാടക 5,000 രൂപയിൽനിന്ന് 8,750 രൂപയായി വർധിപ്പിക്കാൻ അനുമതി നൽകി. ഇതിന് മുൻകാല പ്രാബല്യമുണ്ടായിരിക്കില്ല.

കാറ്റാടി വൈദ്യുത പദ്ധതി നടപ്പാക്കാൻ അനുമതി
അട്ടപ്പാടിയിലെ അഗളി പഞ്ചായത്തിൽ 8 മെഗാവാട്ട് ശേഷിയുളള കാറ്റാടി വൈദ്യുത പദ്ധതി നടപ്പാക്കാൻ എൻ.എച്ച്.പി.സി. ലിമിറ്റഡിന് വ്യവസ്ഥകൾക്കു വിധേയമായി അനുമതി നൽകാൻ തീരുമാനിച്ചു.
പദ്ധതി നടപ്പാക്കുമ്പോൾ ഭൂമിയിലുളള ആദിവാസികളുടെ പൂർണ്ണ സമ്മതം വാങ്ങേണ്ടതാണ്. കെ.എസ്.ഇ.ബി.യുമായി കൂടിയാലോചിച്ച് എൻ.എച്ച്.പി.സി. നിരക്ക് തീരുമാനിക്കണം. ഈ പദ്ധതിയിൽ നിന്നുളള വരുമാനത്തിന്റെ 5 ശതമാനം കാറ്റാടി മില്ലുകൾ സ്ഥാപിച്ചിരിക്കുന്ന ഭൂമിയുടെ ഉടമകളായ ആദിവാസികൾക്ക് കെ.എസ്.ഇ.ബി മുഖേന നൽകേണ്ടതാണ്.
സുരക്ഷ, ഉറപ്പ് എന്നിവയിൽ വിട്ടുവീഴ്ചയില്ലാതെ കോമ്പൗണ്ടിങ് ഫീസ് ഈടാക്കി കെട്ടിടങ്ങൾ ക്രമവൽക്കരിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തുന്നതിന് പ്രത്യേകം ഓർഡിനൻസുകൾ പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. 2017 ജൂലൈ 31-നോ അതിനു മുമ്പോ നിർമിച്ച അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കുന്നതിനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. കെട്ടിടങ്ങളുടെ കൂട്ടിച്ചേർക്കലുകൾ, പുനരുദ്ധാരണം എന്നിവയും ക്രമവൽക്കരണ പരിധിയിൽ കൊണ്ടുവരും. അനധികൃത കെട്ടിടങ്ങൾ ക്രവൽക്കരിക്കുന്നതിനുളള അധികാരം പഞ്ചായത്തിലാണെങ്കിൽ ജില്ലാ ടൗൺപ്ലാനർ, ഡെപ്യൂട്ടി ഡയറക്ടർ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന സമിതിക്കായിരിക്കും. നഗരങ്ങളിലാണെങ്കിൽ ഇതിനുളള അധികാരം ജില്ലാ ടൗൺ പ്ലാനർ, റീജിണൽ ജോയിന്റ് ഡയറക്ടർ (അർബൻ അഫേയ്‌ഴ്‌സ്), ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറി എന്നിവർ ഉൾപ്പെട്ട സമിതിക്കായിരിക്കും.
സിംഗിൾ ജഡ്ജിയുടെ സാമ്പത്തിക അധികാര പരിധി ഒരു ലക്ഷം രൂപയിൽനിന്ന് നാൽപത് ലക്ഷം രൂപയായി ഉയർത്താൻ കേരള ഹൈക്കോടതി നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. നിർദ്ദിഷ്ട ഭേദഗതി അനുസരിച്ച് മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണൽ പാസാക്കുന്ന നഷ്ടപരിഹാര തുക മാനദണ്ഡമാക്കാതെ അതി•േ-ലുളള അപ്പീൽ കേൾക്കാൻ സിംഗിൾ ജഡ്ജിക്ക് അധികാരം നൽകും.
1988 ബാച്ചിലെ 4 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിന് പരിശോധനാ സമിതി ശുപാർശ ചെയ്ത പാനൽ അംഗീകരിച്ചു. ടി.കെ. ജോസ്, ഗ്യാനേഷ് കുമാർ, ഡോ. ആഷാതോമസ്, ടിക്കാറാം മീണ എന്നിവരെയാണ് പാനലിൽ ഉൾപെടുത്തിയത്. ഒഴിവു വരുന്ന മുറയ്ക്ക് പാനലിൽനിന്നും നിയമനം നൽകുന്നതാണ്.