കളരി അഭ്യാസത്തിന്റെ അപൂർവ താളിയോല രേഖകൾ ഇനി ആർകൈവ്‌സ് വകുപ്പിന് സ്വന്തം. തിരുവനന്തപുരം കാഞ്ഞിരംകുളം കെ. ആർ. നിവാസിൽ കനകരാജിന്റെ പക്കലുണ്ടായിരുന്ന പഴയ താളിയോല രേഖകൾ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപള്ളി ഏറ്റുവാങ്ങി. കുടുംബാംഗങ്ങൾക്കൊപ്പമെത്തിയാണ് കനകരാജ് രേഖകൾ മന്ത്രിക്ക് കൈമാറിയത്. കനകരാജിന്റെ പൂർവികരുടെ പക്കലുണ്ടായിരുന്ന രേഖകളാണിത്.
തമിഴിലാണ് ഇതിൽ അഭ്യാസമുറകൾ രേഖപ്പെടുത്തിയിരിക്കുന്നത്. താളിയോലകളിൽ മുറകൾ രേഖപ്പെടുത്തി അവ ചുരുട്ടി വച്ച നിലയിലാണ്. ഇതിന് 150 വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഇതോടൊപ്പം പഴയകാല രാശിപ്പലകയും നാണയങ്ങളും കൈമാറിയിട്ടുണ്ട്. കേരളത്തിന്റെ കായികാഭ്യാസമായ കളരിയെക്കുറിച്ചുള്ള രേഖകൾ ഏറെ വിലപ്പെട്ടതാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഇത്തരം അപൂർവരേഖകൾ ആർകൈവ്‌സ് വകുപ്പ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം രേഖകൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനം വകുപ്പിനുണ്ടെന്നും മന്ത്രി പറഞ്ഞു.