വര്‍ഷങ്ങളുടെ പഴക്കമുള്ള മൂന്ന് പ്രധാനപ്പെട്ട ക്രിമിനല്‍ നിയമങ്ങളും ജൂലൈ ഒന്നു മുതല്‍ മാറി പുതിയ നിയമങ്ങള്‍ നിലവില്‍ വന്നിരിക്കുകയാണ്. ജൂലൈ ഒന്നു മുതല്‍ ഇന്ത്യന്‍ പീനല്‍ കോഡിന് (IPC) പകരം പുതിയ നിയമമായ ഭാരതീയ ന്യായ സംഹിത 2023 പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
പുതിയതായി നിലവില്‍ വന്ന ഭാരതീയ ന്യായ സംഹിത 2023 ഭാരതീയ നാഗരിക സുരക്ഷാ സംഹിത 2023, ഭാരതീയ സാക്ഷ്യ അധിനിയം 2023 എന്നിവ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതും അന്വേഷണം നടത്തുന്നതും കോടതികളില്‍ വിചാരണ നടത്തുന്നതും. ജൂലൈ ഒന്നിനു മുമ്പായി നടന്ന സംഭവങ്ങളില്‍ ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരമായിരിക്കും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പുതിയ നിയമങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പുള്ള കേസുകളില്‍ തല്‍സ്ഥിതി തുടരും.
മാറിയ സാഹചര്യത്തില്‍ പുതിയ നിയമങ്ങള്‍ പ്രകാരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ജില്ലാ പൊലീസ് നടത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പി.ബിജോയി പറഞ്ഞു. പുതിയ നിയമങ്ങളെ കുറിച്ചുള്ള ക്ലാസുകള്‍ ജില്ലയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കി കഴിഞ്ഞിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായുള്ള ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് & ഡവലപ്പ്‌മെന്റ് (BPR & D ) ലെ വിദഗ്ധര്‍ പരിശീലിപ്പിച്ച മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ആണ് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസുകള്‍ നടത്തിയത്.

ആദ്യപടിയായി പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരേയും അഞ്ച് ബാച്ചുകളാക്കി ഓരോ ബാച്ചിനും മൂന്ന് ദിവസം വീതമാണ് പരിശീലനം നടത്തിയത്. അതിന് ശേഷം സബ്ബ് ഡിവിഷന്‍ തലത്തില്‍ പൊലീസുകാരെ രണ്ടു ബാച്ചുകളാക്കി തിരിച്ച് പരിശീലനം നല്‍കിയിട്ടുണ്ട്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ സാങ്കേതിക പരിശീലനം എല്ലാ സ്റ്റേഷനുകളിലേയും പോലീസുകാര്‍ക്കും മൂന്ന് ദിവങ്ങളിലായി നല്‍കി കഴിഞ്ഞു.
പൊതുജനങ്ങളില്‍ പുതിയ നിയമങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ റസിഡൻ്റസ് അസോസിയേഷന്‍ മെമ്പര്‍മാര്‍ക്കും കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലെ കൌണ്‍സിലര്‍മാര്‍ക്കും ക്ലാസുകള്‍ നല്‍കി. കാസര്‍കോട് ജില്ലാ പോലീസ് മേധാവി പി. ബിജോയ്, അഡിഷണല്‍ പോലീസ് സൂപ്രണ്ട് എ.വി ജോണ്‍, റിട്ടയേഡ് ജില്ലാ ജഡ്ജ് ശങ്കരന്‍ നായര്‍, കാസര്‍കോട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍, റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, കാസര്‍കോട്  സൈബര്‍ സെല്‍ എസ്.ഐ അജിത്ത്, കാസര്‍കോട് ജില്ലാ പോലീസ് ലീഗല്‍ അഡൈ്വസര്‍ വിനയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ നിയമത്തില്‍ പല കുറ്റങ്ങള്‍ക്കും കടുത്ത ശിക്ഷ നടപടികളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. പുതിയ നിയമങ്ങള്‍ പ്രകാരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലാ പൊലീസ് സുസജ്ജമാണെന്ന് ജില്ലാ പോലീസ് മേധാവി പി.ബിജോയി അറിയിച്ചു.