സപ്ലൈകോയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാനത്ത് പുതിയ 50 മാവേലി സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. പുതുക്കൈ ചേടി റോഡ് മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ 3 വര്‍ഷത്തിനകം 99 സപ്ലൈകോ കടകള്‍ സംസ്ഥാനത്ത് ആരംഭിച്ചു. 99ാമത് മാവേലി സ്റ്റോര്‍ ആണ് ചേടി റോഡില്‍ ഉദ്ഘാടനം ചെയ്തത്. അവശ്യസാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ സപ്ലൈകോ ലഭ്യമാക്കുന്നതിലൂടെ പൊതുമാര്‍ക്കറ്റില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
തെറ്റായ പ്രചരണങ്ങള്‍ സപ്ലൈകോയുടെ വില്‍പനയെ ബാധിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഓരോമാസവും സപ്ലൈകോ കടകളില്‍ നിന്നും അവശ്യസാധനങ്ങള്‍ വാങ്ങുന്ന കുടുംബങ്ങൾ വർധിക്കുകയാണ് ന്യായവില ഷോപ്പുകളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്.. കഴിഞ്ഞ എട്ടു വര്‍ഷമായി വില വര്‍ദ്ധിപ്പിക്കാതെ 13 ഇനം അവശ്യസാധനങ്ങള്‍ വില്‍പ്പന നടത്തിയതിലൂടെ സപ്ലൈകോയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു.ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഊര്‍ജിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നെല്ല് സംഭരിച്ച വകയില്‍ 1090 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കാന്‍ ഉണ്ടെന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ വില നല്‍കി നെല്ല് സംഭരിക്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.
നെല്ല് സംഭരിച്ച വകയില്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള മുഴുവന്‍ തുകയും കൊടുത്തു തീര്‍ത്തു. അവശേഷിക്കുന്ന കുടിശിക വിതരണം ആരംഭിച്ചിട്ടുണ്ട്.വരുന്ന ഓണത്തിന് റേഷന്‍ കടകളിലൂടെ 10 കിലോ വീതം അരി നല്‍കുന്നതിനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിക്കുന്നതിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയെ ഉടന്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ആദ്യ വില്പന കെ.വി അമ്പുഞ്ഞിയ്ക്ക് നല്‍കി നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ വി പ്രഭാവതി, കൗണ്‍സിലര്‍മാരായ എന്‍.വി രാജന്‍, പള്ളിക്കൈ രാധാകൃഷ്ണന്‍, പി.വി മോഹനന്‍, കെ.രവീന്ദ്രന്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ അഡ്വക്കേറ്റ് കെ.രാജ്‌മോഹന്‍, കെ.പി ബാലകൃഷ്ണന്‍, സി.കെ ബാബുരാജ്, അബ്ദുല്‍ റസാക്ക് തായലക്കണ്ടി, കെ പി ടോമി, അഡ്വ നിസാം ,വി വെങ്കിടേഷ്, പി പത്മനാഭന്‍, പനങ്കാവ് കൃഷ്ണന്‍, ഉദിനൂര്‍ സുകുമാരന്‍ പ്രമോദ് കരുവളം പി.കെ നാസര്‍, രതീഷ്പുതിയ പുരയില്‍ സുരേഷ് പുതിയേടത്ത് ആന്റക്‌സ് ജോസഫ് എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ റീജണല്‍ മാനേജര്‍ പി.സി അനൂപ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ കെ എന്‍ ബിന്ദു നന്ദിയും പറഞ്ഞു.