ആലപ്പുഴ: കേരളം കടന്നുവന്ന തൊട്ടുകൂടായ്മയുടെയും അയിത്തത്തിന്റെയും കറുത്ത ഏടുകൾ ഇന്നത്തെ തലമുറയ്ക്ക് മനസിയിലാക്കി തരുന്നതാണ് ആലപ്പുഴ നഗരചത്വരത്തിൽ നടക്കുന്ന ചിത്രപ്രദർശനം. നവോതഥാന കേരളത്തിന് തിലകക്കുറി ചാർത്തിയ ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളമ്പരത്തിന്റെ 82ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ചിത്രപ്രദർശനം. ചിത്രപ്രദർശനം ഇന്നലെ രാവിലെ 10.30 ന് ധനമന്ത്രി ഡോ.റ്റി. എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. നവംബർ 12 വരെയാണ് ചിത്രപ്രദർശനം. വില്ലുവണ്ടി സമരവും, കല്ലുമാല സമരവും,മിശ്രഭോജനവും,വൈക്കം സത്യാഗ്രഹം ,ക്ഷേത്രപ്രവേശന വിളംബരം,പന്തിഭോജനവും,ചാന്നാർ കലാപവും,പുലപേടി മണ്ണാപ്പേടി, ഗാന്ധിജിയുടെ കേരളസന്ദർശനവും ഒക്കെ പ്രതിപാദിക്കുന്നതാണ് ചിത്രപ്രദർശനം. ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ തല സംഘാടകസമിതിയും ചേർന്നാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കൗൺസിലർ പ്രേംകുമാർ, ഹരിതകേരളം ജില്ലാ കോ-ഓഡിനേറ്റർ രാജേഷ് കുമാർ എന്നിവർ സന്നിഹിതരായി. കേരള നവോത്ഥാന നായകന്മാരായ ശ്രീനാരായണ ഗുരു,ചട്ടമ്പി സ്വാമി,അയ്യൻകാളി,പണ്ഡിറ്റ് കറുപ്പൻ,ബ്രാഹ്മനന്ദ ശിവയോഗി, വക്കം മൗലവി,വി ടി ഭട്ടതിരിപ്പാട്, പൊയ്കയിൽ കുമാര ഗുരുദേവൻ, വാഗ്ഭടാനന്ദൻ തുടങ്ങിയവരുടെ ജീവിത രേഖയും ചിത്രപ്രദർശനത്തിലെ പ്രധാന ആകർഷണമാണ്.