കൊച്ചി: കേരള സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്നത് ചരിത്രത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കേണ്ട സാഹചര്യമെന്ന് സെമിനാര്‍. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘നവോത്ഥാനത്തിന്റെ നാള്‍വഴികള്‍’ എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ് സെമിനാറിന്റെ വിഷയമെന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ധര്‍മ്മരാജ് അടാട്ട് അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ കൊളോണിയല്‍ ആധുനികതയുമായി ബന്ധപ്പെട്ടാണ് നവോത്ഥാനം വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ തെക്കേ ഇന്ത്യയില്‍ ജാതീയതയ്ക്ക് എതിരായ സാമൂഹ്യ പരിഷ്‌കരണവുമായി ബന്ധപ്പെട്ടാണ് നവോത്ഥാനം ഉയര്‍ന്നുവന്നത്.
കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍ എന്ന വള്ളത്തോളിന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം സെമിനാറില്‍ വിഷയാവതരണം നടത്തിയത്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത്തരത്തിലുള്ള തുടിപ്പ് ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്ത രീതിയില്‍ ഉഴുതുമറിച്ച ഭൂപ്രദേശമാണ് കേരളം. യുക്തി ചിന്തയും ശാസ്ത്രബോധവും എല്ലാം ജീവിതത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്ന ഒരു ഇടവും കൂടിയാണ് കേരളം. എന്നാല്‍ ഇന്ന് ഇതെല്ലാം ചവിട്ടിമെതിച്ച് മനുഷ്യവിരുദ്ധമായ പ്രവണതകള്‍ സംഹാര താണ്ഡവമാടുന്ന സാഹചര്യമാണ്. പുരുഷകേന്ദ്രീകൃത ചിന്തകളും സ്ത്രീവിരുദ്ധ ചിന്തകളും മനസ്സില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഈ കാലഘട്ടം നമ്മുടെ ഓര്‍മ്മകളില്‍ ഉണ്ടായിരിക്കണം എന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുകയാണ്. ചിന്തിക്കുവാനോ സംസാരിക്കുവാനോ ഉള്ള ആര്‍ജ്ജവം ഇല്ലാതിരുന്ന സമൂഹമായിരുന്നു നിലനിന്നിരുന്നത്. ആരാധനാലയങ്ങളില്‍ പോകാന്‍ പറ്റാത്ത അവകാശം നിഷേധിക്കപ്പെട്ട കാലഘട്ടം. മനുഷ്യ വിരുദ്ധമായ ആശയങ്ങള്‍ നിറഞ്ഞുനിന്ന ഇത്തരം കാലമെല്ലാം മാറിയത് നവോത്ഥാന ചിന്തകളുടെ വരവോടെയാണ്. ഏതെങ്കിലും പ്രത്യേക ശക്തിയുടെ അനുഗ്രഹം കൊണ്ട് മാറിയ നാടല്ല കേരളം എന്ന് എല്ലാവരും മറന്നു കൊണ്ടിരിക്കുകയാണ്.
1987 ല്‍ രാജസ്ഥാനിലും ഡല്‍ഹിയിലും സ്ത്രീകള്‍ സതി അനുഷ്ഠിക്കാന്‍ അവകാശം നല്‍കണമെന്ന് അറിയിച്ച് വലിയ പ്രക്ഷോഭമാണ് നടത്തിയത്. ഇതേ രീതിയിലാണ് ഇന്ന് കേരളത്തില്‍ ശബരിമല വിഷയത്തില്‍ പ്രക്ഷോഭങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്ത്രീകള്‍ അശുദ്ധരാണ് എന്ന് തെരുവിലിറങ്ങി സ്വയം പ്രഖ്യാപിക്കുകയാണ്. കേരളത്തെ വിഭജിച്ച് പഴയ കാലഘട്ടത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം സെമിനാറുകളിലൂടെ ഈ ചിന്തകള്‍ മാറ്റാന്‍ സാധിക്കും എന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചതില്‍ വര്‍ത്തമാനകാല സാമൂഹിക യാഥാര്‍ത്ഥ്യമുണ്ടെന്ന് സെമിനാര്‍ വിലയിരുത്തി. ഒരു വിഭാഗം ആളുകളുടെ നിര്‍ബന്ധത്തില്‍ സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരു തലമുറയ്ക്ക് മുന്‍പ് ഇവിടെ മനുഷ്യര്‍ക്ക് പകരം ജാതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മന്നത്ത് പത്മനാഭന്‍, വി.ടി ഭട്ടതിരിപ്പാട്, അയ്യങ്കാളി, ശ്രീ നാരായണ ഗുരു തുടങ്ങിയവര്‍ പ്രത്യേക ജാതിയുടേയോ മതത്തിന്റെയോ നവീകരണത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. എന്നാല്‍ ഇവരെ നവോത്ഥാന നേതാക്കളായാണ് ചരിത്രം വിശേഷിപ്പിക്കുന്നത്. ഒരു കൂട്ടം മനുഷ്യര്‍ക്ക് അമ്പലങ്ങളില്‍ കയറാന്‍ സാധിച്ചിട്ട് 82 വര്‍ഷങ്ങളേ ആയിട്ടുള്ളൂ. കാലാകാലങ്ങളായി എല്ലാ അവകാശങ്ങളും ലഭ്യമായിരുന്നു എന്ന രീതിയിലാണ് ചിലര്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത്.
ഇണ്ടംതുരുത്തി മനയില്‍ ഗാന്ധിജിക്ക് ഉണ്ടായ അതേ അനുഭവമാണ് ഇന്ന് ശബരിമലയില്‍ യുവതികള്‍ നേരിടുന്നത്. ദൈവഹിതവും ആചാരങ്ങളും നോക്കി സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷവും പലരും ഇന്ന് ഇണ്ടംതുരുത്തി മനയില്‍ നില്‍ക്കുകയാണെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു. നാം തോല്‍പ്പിച്ച ആശയങ്ങളെ ഇന്ന് പലരും തിരിച്ചു കൊണ്ടുവരികയാണ്. പണ്ട് നിലനിന്നിരുന്ന അനാചാരങ്ങള്‍ അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് അതോറിറ്റികള്‍ വിലക്കിയ ശേഷമാണ് മനുഷ്യന്‍ എന്ന വിഭാഗം ഉണ്ടായത്. സുപ്രീംകോടതിയുടെ ശബരിമല വിധിക്ക് വലിയ മാനമുണ്ട്. ഭരണഘടനയിലെ 14 മുതല്‍ 26 വരെയുള്ള അവകാശങ്ങള്‍ ഉറച്ച അസ്ഥിത്വത്തോടെ നിലനില്‍ക്കുന്ന അവകാശങ്ങളാണ്. തുല്യതയ്ക്ക് എതിരായി വിശ്വാസം വച്ചുപൊറുപ്പിക്കാന്‍ ഇന്ത്യയുടെ ഭരണഘടന അനുവദിക്കുന്നില്ല. തുല്യ അവകാശം ശബരിമലയില്‍ മാത്രമല്ല വീട്ടിലും ഉയര്‍ത്തിപ്പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രം വായിക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി കാണേണ്ട സാഹചര്യം ആണ് നിലവിലുള്ളത് എന്ന ആശയത്തിലൂന്നിയാണ് റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ അഭിലാഷ് മോഹന്‍ സംസാരിച്ചത്. ചരിത്രം അസംബന്ധ രൂപേണ ആവര്‍ത്തിക്കുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പണ്ട് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടു നടന്ന അസംബന്ധങ്ങള്‍ തന്നെയാണ് പറയുന്നത്. ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിനപ്പുറത്ത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം നിഷേധിക്കലാണ്. ബ്രാഹ്മണിക് മൂല്യങ്ങളെ പിന്തുടരാനുള്ള പിന്തിരിപ്പന്‍ ആശയങ്ങളാണ് ഇന്ന് നടക്കുന്നത്. മാനുഷികമായ ഉള്ളടക്കം അടങ്ങിയതാണ് കേരളീയ നവോത്ഥാനം. കേരളം പണ്ട് ജീവിച്ചിരുന്നത് എങ്ങനെയായിരുന്നു എന്ന് തിരയുന്ന അവസ്ഥയാണ് ഇന്ന് സമൂഹത്തിലുള്ളത്. ക്ഷേത്ര പ്രവേശനത്തിനേക്കാള്‍ മുന്‍പുണ്ടായിരുന്ന അജണ്ട പൊതുനിരത്തില്‍ നടക്കുക എന്നതായിരുന്നു. അതായിരുന്നു ക്ഷേത്രപ്രവേശനത്തിന്റെ കാതല്‍. നവോത്ഥാനത്തിന്റെ ഉള്ളടക്കം മനുഷ്യന്‍ മനുഷ്യനായി ജീവിക്കുക എന്നതാണ്. എന്നാല്‍ ഇതിനെയെല്ലാം ചോദ്യം ചെയ്യുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ഷേത്രപ്രവേശനത്തിന്റെയും നവോത്ഥാനത്തിന്റെയും ചരിത്രത്തിന്റെ പ്രസക്തിയാണ് സെമിനാറില്‍ ചര്‍ച്ച ചെയ്തത്. ചരിത്രപരമായ വസ്തുതയില്‍ ഊന്നിക്കൊണ്ടാണ് നവോത്ഥാനത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. കേരളത്തില്‍ കീഴാള മുന്നേറ്റം എന്ന രീതിയിലാണ് നവോത്ഥാനം ഉയര്‍ന്നുവന്നതെന്നും സെമിനാര്‍ വിലയിരുത്തി. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ. എം. ശങ്കര്‍ മോഡറേറ്ററായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്ഷേത്ര പ്രവേശന വിളംബര ആഘോഷങ്ങളുടെ അവസാന ദിനമായ തിങ്കളാഴ്ച എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ കോന്നി മുദ്ര സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അവതരിപ്പിച്ച കാക്കരിശ്ശി നാടകവും നടന്നു. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാംസ്‌കാരിക വകുപ്പ്, പുരാവസ്തു വകുപ്പ്, പുരാരേഖ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് മൂന്നു ദിവസമായി നടന്ന പരിപാടികള്‍ സംഘടിപ്പിച്ചത്.