*നാൽപതിനായിരത്തോളം വൊളണ്ടിയർമാർ പങ്കെടുക്കുന്ന അയൽക്കൂട്ട സർവേ ഒക്ടോബർ രണ്ട് മുതൽ

‘മാലിന്യമുക്തം നവകേരളം’ ക്യാമ്പെയ്ൻറെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷം വരുന്ന മുഴുവൻ  അയൽക്കൂട്ടങ്ങളെയും ഹരിത അയൽക്കൂട്ടങ്ങളാക്കി ഉയർത്തുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ തുടക്കമിടുന്നു.   പ്രത്യേകം തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സർവേയും ഗ്രേഡിങ്ങും നടത്തി 2025 ഫെബ്രുവരി 15ന് സമ്പൂർണ ഹരിത അയൽക്കൂട്ട പ്രഖ്യാപനത്തിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അയൽക്കൂട്ടങ്ങളുടെ സർവേ  ഒക്ടോബർ രണ്ടിന് ആരംഭിക്കും.

വാർഡുതലത്തിൽ തിരഞ്ഞെടുത്ത നാൽപ്പതിനായിരത്തോളം കുടുംബശ്രീ വൊളണ്ടിയർമാരാണ് സർവേ നടത്തുന്നത്. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു വരുന്ന കുടുംബശ്രീയുടെ ഏറ്റവും പുതിയ ചുവട്വയ്പ്പാണ് ഹരിത അയൽക്കൂട്ടങ്ങളുടെ രൂപീകരണം.

 അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിലെ മാലിന്യ സംസ്‌ക്കരണ രീതികൾ, അയൽക്കൂട്ടം നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങളിലെ ഹരിതചട്ടം പാലിക്കൽ, അയൽക്കൂട്ടം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പൊതു സ്ഥലങ്ങളിലെ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങൾ, അയൽക്കൂട്ട പ്രദേശത്ത് ശുചിത്വമുള്ള പാതയോരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സർവേ. ഇതോടൊപ്പം എ.ഡി.എസ്, സി.ഡി.എസ്തല ഗ്രേഡിങ്ങും പൂർത്തിയാക്കും.  ഡിസംബർ 30ന് മുമ്പ് മുഴുവൻ അയൽക്കൂട്ടങ്ങളുടെയും സർവേ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ആദ്യഘട്ട സർവേയിൽ അറുപത് ശതമാനത്തിൽ താഴെ സ്‌കോർ നേടിയ അയൽക്കൂട്ടങ്ങളെ പ്രത്യേകം പരിഗണിച്ചു കൊണ്ട് അവയെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും ആവിഷ്‌ക്കരിച്ചു നടപ്പാക്കും.

അയൽക്കൂട്ട ഗ്രേഡിങ്ങ് സംബന്ധിച്ച് വിശദീകരിക്കുന്നതിനും ജില്ലാതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുളള നടപടികളും ഊർജിതമാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ജില്ലാ മിഷൻ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ജില്ലാതല കോർ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.അസിസ്റ്റൻറ് ജില്ലാ മിഷൻ കോർഡിനേറ്റർ(സംഘടന) കൺവീനറായുള്ള കമ്മിറ്റിയിൽ നോൺ ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റൻറ് കോർഡിനേറ്റർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, സിറ്റി മിഷൻ മാനേജർമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ.

എല്ലാ ആഴ്ചയും കോർ കമ്മിറ്റി യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും. അതത് സി.ഡി.എസ് അധ്യക്ഷമാർ, മെമ്പർ സെക്രട്ടറിമാർ എന്നിവർ ഉൾപ്പെട്ട മുന്നൊരുക്ക യോഗങ്ങൾ നടന്നു വരികയാണ്.  സി.ഡി.എസ്, എ.ഡി.എസ്തല യോഗങ്ങൾ ഒക്ടോബർ അഞ്ചിനകം പൂർത്തിയാക്കും.