കാക്കനാട്: നിര്‍മ്മാണ സാമഗ്രികളുടെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന ക്വാറികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ക്വാറി ഉടമകളുടെ യോഗത്തിലാണ് ജില്ല കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൃത്രിമ ക്ഷാമത്തിലൂടെ സാമഗ്രികളുടെ ലഭ്യത കുറച്ച് വില വര്‍ധിപ്പിക്കുകയും സര്‍ക്കാര്‍ ജോലികള്‍ക്ക് പോലും നിര്‍മ്മാണ സാമഗ്രികള്‍ ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യമുണ്ടാക്കുന്ന ക്വാറികളുടെ പാരിസ്ഥിതികാനുമതി മൂന്നു വര്‍ഷത്തേക്ക് റദ്ദാക്കും. ഇക്കാര്യങ്ങള്‍ പരിശോധിക്കാനായി ഇന്‍സ്‌പെക്ഷന്‍ സ്‌ക്വാഡ് അടുത്ത ദിവസം മുതല്‍ പ്രവര്‍ത്തിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
കല്ല്, എം സാന്‍ഡ്, മെറ്റല്‍ പോലുള്ള നിര്‍മ്മാണ സാമഗ്രികള്‍ ജില്ലയിലെ ക്വാറികളില്‍ നിന്ന് മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ജില്ലയിലെ പ്രവൃത്തികള്‍ക്ക് ഇവ ഉപയോഗപ്പെടുത്തണം. സര്‍ക്കാരിന്റെ പൊതുമരാമത്ത് ജോലികള്‍ക്ക് മുന്‍ഗണന നല്‍കണം. ലീസ് ഹോള്‍ഡര്‍മാരായിട്ടുള്ള അഞ്ച് ഹെക്ടറിനു മുകളിലുള്ള വന്‍കിട ക്വാറികള്‍ക്കും ഇതു ബാധകമായിരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ജോലികള്‍ക്കാവശ്യമായ നിര്‍മ്മാണ സാമഗ്രികള്‍ ലഭിക്കുന്നിലെന്നും ദിവസേന വില വര്‍ധനയും നടപ്പാക്കുകയാണെന്നുമുള്ള പരാതിയാണ് കരാറുകാര്‍ ഉന്നയിക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ പദ്ധതി ചെലവ് 70% പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ നിര്‍മ്മാണ സാമഗ്രികള്‍ ലഭിക്കാത്തതിനാല്‍ പണി ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കരാറുകാര്‍. ഈ സാഹചര്യത്തിലാണ് കളക്ടര്‍ ക്വാറി ഉടമകളുടെ യോഗം വിളിച്ചത്.
നിര്‍മ്മാണ സാമഗ്രികളുടെ ക്ഷാമം രൂക്ഷമാണെന്ന് ഗവ. കോണ്‍ട്രാക്ടേഴ്‌സ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു. എം-സാന്‍ഡും മറ്റു സാമഗ്രികളും മറ്റു ജില്ലകളിലേക്ക് പോകുകയാണ്. ചെറുകിട ക്രഷറുകള്‍ കരിങ്കല്ല് കിട്ടാത്തതിനാല്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും കൂടുതല്‍ ക്വാറികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു മാത്രമേ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കാനാവൂ എന്ന് കളക്ടര്‍ അറിയിച്ചു. പാരിസ്ഥിതികാനുമതി ലഭിച്ച 80% ത്തോളം ക്വാറികളും വിവിധ കാരണങ്ങളാല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ക്വാറി ഉടമകളുടെ പ്രതിനിധി വ്യക്തമാക്കി. മിക്ക സ്ഥലങ്ങളിലും പഞ്ചായത്ത് ഭരണസമിതി ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നില്ല. പഞ്ചായത്ത് ലൈസന്‍സ് നല്‍കിയാലേ ജിയോളജി വകുപ്പിന് അനുമതി നല്‍കാനാകൂവെന്നും ക്വാറി ഉടമകള്‍ പറഞ്ഞു. നിര്‍മ്മാണ സാമഗ്രികള്‍ക്ക് 90% ത്തോളം വില വര്‍ധനയുണ്ടായിരിക്കുകയാണെന്ന് ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ജില്ലയിലെ പൊതുമരാമത്ത് ജോലികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുന്നതിന് ക്വാറി ഉടമകള്‍ സഹകരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ പറഞ്ഞു.
ക്വാറികളില്‍ നിന്ന് സാമഗ്രികള്‍ വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കുന്ന ഇടനിലക്കാരും പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണമുണ്ട്. ഇത്തരത്തിലുള്ളവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. പഞ്ചായത്ത് അനുമതി നല്‍കാത്ത ക്വാറികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ജിയോളജി വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി.
30 കരിങ്കല്‍ ക്വാറികളും 15 മണ്ണ് ക്വാറികളുമടക്കം 45 ക്വാറികള്‍ക്കാണ് പാരിസ്ഥിതികാനുമതി ലഭിച്ചിട്ടുള്ളത്. ഉത്പാദനത്തില്‍ കുറവ് വന്നിട്ടില്ലെന്നും നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി വരികയാണെന്നും ജിയോളജി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ഫാര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ ഇമ്പശേഖര്‍, സീനിയര്‍ ജിയോളജിസ്റ്റ് രാമന്‍ നമ്പൂതിരി, അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരായ ഡോ. ബദറുദ്ദീന്‍, ഡോ. സുനില്‍കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.