സംസ്ഥാനത്ത് ജപ്പാന്റെ മാനുഫാക്ചറിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്ത്യയിലെ ജപ്പാൻ അംബാസിഡർ കെൻജി ഹിരാമസൂ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് ഈ വാഗ്ദാനം. കേരളത്തിൽ റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് ജപ്പാനുമായി സഹകരിക്കാൻ താല്പര്യമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചപ്പോഴാണ് മാനുഫാക്ചറിങ് ഇൻസ്റ്റിറ്റ്യൂട്ട് പരിഗണിക്കാമെന്ന് അംബസിഡർ പറഞ്ഞത്.
ഏതൊക്കെ മേഖലകളിൽ സാങ്കേതിക വിദ്യ ലഭ്യമാക്കണമെന്നും നിക്ഷേപം നടത്തണമെന്നും ഈ സ്ഥാപനത്തിന് തീരുമാനിക്കാൻ കഴിയും. ഇന്ത്യ ഉൽപ്പാദിപ്പിക്കുന്ന റബ്ബറിന്റെ 90 ശതമാനവും കേരളത്തിൽ നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രീയമായ ഖരമാലിന്യ സംസ്‌കരണത്തിന് കേരളത്തിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യ ലഭ്യമാക്കാമെന്ന് അംബാസിഡർ അറിയിച്ചു. സംസ്ഥാനത്തെ 7 കേന്ദ്രങ്ങളിൽ വലിയ മാലിന്യസംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി നടപ്പാക്കുന്നതിന് ജപ്പാനുമായി സഹകരിക്കാൻ കേരളത്തിന് താല്പര്യമുണ്ട്. നവകേരളം കർമപദ്ധതിയുടെ ഭാഗമായി കേരളത്തെ മാലിന്യമുക്തമാക്കാൻ സർക്കാർ ഹരിതകേരളം മിഷൻ രൂപീകരിച്ചിട്ടുണ്ട്. ഇതിന് കീഴിലാണ് ഖരമാലിന്യ സംസ്‌കരണത്തിനുളള പ്ലാന്റുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.
യുവജനങ്ങളുടെ തൊഴിൽപരമായ നൈപുണ്യം വികസിപ്പിക്കുന്നതിനുളള ഒരു കേന്ദ്രവും സാംസ്‌കാരിക വിദ്യാഭ്യാസ കേന്ദ്രവും കേരളത്തിൽ ആരംഭിക്കണമെന്ന നിർദേശവും ജപ്പാൻ പരിഗണിക്കും. കേരളത്തിന്റെ റെയിൽ വികസന പദ്ധതികളുമായി സഹകരിക്കാനും അംബാസിഡർ താല്പര്യം പ്രകടിപ്പിച്ചു.
ഇന്ത്യൻ റെയിൽവെയുമായി ചേർന്ന് കേരളത്തിന്റെ റെയിൽ വികസനത്തിന് സംസ്ഥാന സർക്കാർ സംയുക്ത സംരംഭം ഉണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെ നിലവിലുളള ഇരട്ടപ്പാതയ്ക്ക് പുറമെ, മൂന്നും നാലും പാതകൾ ഉണ്ടാക്കാനാണ് സംയുക്ത കമ്പനി ഉദ്ദേശിക്കുന്നത്. ഈ രംഗത്ത് ജപ്പാന്റെ സാങ്കേതിക വൈദഗ്ധ്യം ലഭിക്കാൻ താല്പര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തേയില, കാപ്പി, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ വിപണനത്തിന് ജപ്പാനുമായി സഹകരിക്കാൻ കഴിയും. ജപ്പാന്റെ അഭിരുചിക്കും ജപ്പാൻകാരുടെ സ്വാദിനും അനുസൃതമായി ഗുണനിലവാരമുളള തേയിലയും കാപ്പിയും ഉല്പാദിപ്പിച്ചു നൽകാൻ കേരളത്തിന് കഴിയും.
പാരമ്പര്യേതര ഊർജ ഉല്പാദനം, വൈദ്യുതി പ്രസരണ വിതരണ സംവിധാനം, ടൈറ്റാനിയം അടിസ്ഥാനമാക്കിയുളള മൂല്യവർധിത സാധനങ്ങളുടെ ഉല്പാദനം, ഇന്റർനെറ്റ് ജനകീയമാക്കുന്നതിനുളള കെഫോൺ പദ്ധതി, നിർദിഷ്ട വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സമീപം ജപ്പാന്റെ മൂല്യവർധിത ഉല്പാദന സംവിധാനം തുടങ്ങിയ പദ്ധതികളും ജപ്പാനുമായുളള സഹകരണത്തിനുവേണ്ടി മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. അവ പരിഗണിച്ച് കൂടുതൽ ചർച്ചകൾ നടത്തി വ്യക്തമായ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും യോജിക്കാവുന്ന മേഖലകളിൽ കേരളവുമായി സഹകരിക്കുമെന്നും അംബസിഡർ ഉറപ്പു നൽകി.
ചർച്ചയിൽ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ എന്നിവരും പങ്കെടുത്തു.