പൊതുവിദ്യാലയങ്ങളില്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) ന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ലിറ്റില് കൈറ്റ്സ്’ പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ തുടങ്ങി. ടി.ഐ.എച്ച്.എസ്.എസ് നായമാര്‍മൂലയില്‍ നടക്കുന്ന ലിറ്റില്‍ കൈറ്റ്സ് ഉപജില്ല ക്യാമ്പില്‍ എ.ഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികള്‍ക്ക് കൈത്താങ്ങുനല്‍കാന്‍ സഹായിക്കുന്ന പ്രോഗ്രാം തയ്യാറാക്കലാണ് ഈ വര്‍ഷം ക്യാമ്പുകളുടെ പ്രത്യേകത. ഒപ്പം പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണത്തിനുള്ള അനിമേഷന്‍ പ്രോഗ്രാമുകളും സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ഓപ്പണ്ടൂണ്സ്, ബ്ലെന്ഡര്‍ തുടങ്ങിയവ ഉപയോഗിച്ച് ക്യാമ്പില്‍ കുട്ടികള്‍ തയ്യാറാക്കും.

സംസാരിക്കാനും  കേള്‍ക്കാനും പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് ആംഗ്യ ഭാഷയില്‍ സംവദിക്കാന്‍ കഴിവുള്ള പ്രോഗ്രാമുകള്‍ എ.ഐ ഉപയോഗിച്ച് തയ്യാറാക്കുന്നത് ആംഗ്യ ഭാഷ പഠിക്കാന്‍ മാത്രമല്ല, ഇത്തരം കുട്ടികളോട് സംവദിക്കാന്‍ പ്രേരിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്ന വിധത്തിലാണ് മൊഡ്യൂള്‍. ഇതിനായുള്ള വീഡിയോ ക്ലാസുകളും ക്യാമ്പില്‍ പരിചയപ്പെടുത്തും. നഗരവല്ക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട പ്രദേശം രണ്ടു പക്ഷികളുടെ പ്രയത്നത്തിലൂടെ വീണ്ടും ഹരിതാഭമാക്കുന്നതെങ്ങനെ എന്ന ആശയത്തിലാണ് കുട്ടികള്‍ അനിമേഷന് ചിത്രങ്ങള്‍ ക്യാമ്പില്‍ തയ്യാറാക്കുക. ആനിമേഷന്‍, പ്രോഗ്രാമിംഗ് വിഭാഗത്തിലായി പങ്കെടുക്കുന്ന പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ജില്ലയില്‍ 122 ലിറ്റില് കൈറ്റ്സ് യൂണിറ്റുകളിലായി 11231 അംഗങ്ങളുള്ളതില്‍ സ്‌കൂള്‍തല ക്യാമ്പുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 831 കുട്ടികള്‍ ഉപ ജില്ലാക്യാമ്പുകളില്‍ പങ്കെടുക്കും. അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടാതെയാണ് ഇന്നു മുതല്‍് വിവിധ ബാച്ചുകളിലായി ക്യാമ്പുകള്‍് ക്രമീകരിച്ചിട്ടുള്ളത്. ജില്ലയില്‍ നടക്കുന്ന ഉപജില്ലാ ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവക്കുന്ന 82 കുട്ടികളെ ഡിസംബറില്‍ നടക്കുന്ന ജില്ലാക്യാമ്പിലേക്ക് തെരഞ്ഞെടുക്കും.