ദേശീയ വിരവിമുക്തദിനം ജില്ലയിലും. ഒന്നു മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലും അങ്കണവാടികളിലും ആല്‍ബന്‍ഡസോള്‍ ഗുളികവിതരണം ചെയ്തായിരുന്നു പരിപാടി.
ജില്ലാതല ഉദ്ഘാടനം വടശ്ശേരിക്കര സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു. വ്യക്തി- ഭക്ഷണശുചിത്വം പാലിച്ച് രോഗങ്ങളെ തടയാം; ആരോഗ്യപൂര്‍ണമായ ജീവിതത്തിനും വഴിയൊരുക്കാം- കലക്ടര്‍ പറഞ്ഞു. വടശ്ശേരിക്കര എംആര്‍എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ജോബിന്‍ ജോസഫിന് ജില്ലാ കലക്ടര്‍ ആല്‍ബന്‍ഡസോള്‍  ഗുളിക നല്‍കി. കഴിക്കാനാകാത്തവര്‍ക്ക് ഡിസംബര്‍ മൂന്നിന് ലഭ്യമാക്കുമെന്ന് അറിയിച്ചു. ജില്ലാഭരണകൂടം, തദ്ദേശസ്വയംഭരണ-വിദ്യാഭ്യാസ വകുപ്പുകള്‍, വനിതാ-ശിശുവികസന വകുപ്പ്, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ ചേര്‍ന്നാണ് സംഘടിപ്പിച്ചത്. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ ചടങ്ങില്‍ അധ്യക്ഷയായി. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി. ആര്‍. അശ്വതി,  വാര്‍ഡ് അംഗം ജോര്‍ജുകുട്ടി വാഴപ്പിള്ളേത്ത്, ഡി. എം.ഒ ഇതര ജില്ലാതല ഉദ്യോഗസ്ഥര്‍, മറ്റു ജനപ്രതിനിധികള്‍  തുടങ്ങിയവര്‍ സംസാരിച്ചു.