ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 25ന് രാവിലെ 11ന് തിരുവനന്തപുരം കനകക്കുന്ന് പാലസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിക്കും.

ആഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയവും ചേർന്നൊരുക്കുന്ന ഫോട്ടോ പ്രദർശനവും ഗവർണർ ഉദ്ഘാടനം ചെയ്യും. പ്രമുഖ പത്രങ്ങളുടെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ശേഖരത്തിലുള്ള ചരിത്രപ്രാധാന്യമുള്ളതും കാലികപ്രസക്തിയുള്ളതുമായ ഫോട്ടോകൾ പ്രദർശനത്തിന്റെ ഭാഗമായിരിക്കും.

ചടങ്ങിൽ ക്ലൗഡ് ബെയിസ്ഡ് ഫയൽ ആർക്കൈവിങ് സിസ്റ്റത്തിന്റെ ഉദ്ഘാടനം ഗവർണർ നിർവഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന, ജില്ല, താലൂക്ക് തലങ്ങളിൽ പൊതുപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രദർശനങ്ങൾ, മത്സരങ്ങൾ, വോട്ടർ ബോധവൽക്കരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ നടക്കും.

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ചീഫ് ഇലക്ടറൽ ഓഫീസർ  രത്തൻ യു ഖേൽക്കർ, സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണർ എ ഷാജഹാൻ, ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.