ജില്ലയിലെ 610 ഗ്രന്ഥശാലകള്‍ ഹരിത ഗ്രന്ഥശാലകളാകും
മാലിന്യമുക്തം നവകേരളം ജനകീയ കാംപയിന്റെ ഭാഗമായി ജില്ലയിലെ 610 ഗ്രന്ഥശാലകള്‍ മാര്‍ച്ച് 10 നകം ഹരിത ഗ്രന്ഥശാല പദവി കരസ്ഥമാക്കുമെന്ന് ഗ്രന്ഥശാല പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി അഞ്ചിനകം എല്ലാ താലുക്കിലും ലൈബ്രറിയന്‍മാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ച് ക്യാംപയിന്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഫെബ്രുവരി 10 നകം ലൈബ്രറി തല ക്യാംപയിന്‍ നടത്തും. ഫെബ്രുവരി 28 നകം ആദ്യ ഘട്ടവും മാര്‍ച്ച് 10 നകം രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കി ലൈബ്രറികള്‍ ഹരിത ലൈബ്രറിയായി പ്രഖ്യാപിക്കും. എല്ലാ ഗ്രന്ഥശാലയിലും ഫെബ്രുവരി മാസത്തില്‍ മാലിന്യമുക്തം നവകേരളം ജനകീയ ക്യാംപയിനുമായി ബന്ധപ്പെട്ട് പ്രതിമാസ പരിപാടികള്‍ സംഘടിപ്പിക്കും. കാംപയിനുമായി ബന്ധപ്പെടുത്തി ബാലവേദി, വനിതാ വേദി, ഹരിതകര്‍മ്മസേന അംഗങ്ങളെ ആദരിക്കല്‍ എന്നീ പരിപാടികളും സംഘടിപ്പിക്കും.
ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി. കെ. നാരായണദാസ് അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി. സെയ്തലവി, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം വി. കെ. ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.