പരമ്പരാഗതമായി അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പദ്ധതി രൂപീകരണത്തില്‍ നിന്ന് മാറി ജില്ലയ്ക്ക് ഏറ്റവും ആവശ്യമുള്ള ജല സംരക്ഷണ, ആരോഗ്യ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികളാണ് തയ്യാറാക്കേണ്ടതെന്ന് അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനം പ്രത്യേകിച്ച് റോഡുകളുടെ കാര്യത്തില്‍ ഏറെ മുന്നേറാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ഏറ്റവും അധികം നദികളുള്ള കാസര്‍കോട് ജില്ലയില്‍ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ തന്നെ ജലക്ഷാമം അനുഭവപ്പെടുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ അത് രൂക്ഷമാവുകയും ചെയ്യുന്നു.
അതിനാല്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്ന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതുണ്ട്. ജില്ലയിലെ ആതുരാലയങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സാധിക്കേണ്ടതുണ്ട്.

നമ്മുടെ ജില്ലയില്‍ കൂടുതല്‍ ലഭ്യമായ സര്‍ക്കാര്‍ ഭൂമിയും ജില്ലയിലെ നിക്ഷേപക സൗഹൃദ അന്തരീക്ഷവും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടും. ടൂറിസം രംഗത്തും നമുക്ക് ശോഭിക്കാനാകും. കാസര്‍കോട് വികസന പാക്കേജ് വന്നതോടെ ജില്ലയുടെ വികസനം കൂടുതല്‍ വേഗത്തിലായി. കെ.ഡി.പിയുടെ ഭാഗമായി 1000 കോടിയിലേറെ രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ജില്ലയുടെ വിവിധ മേഖലകളില്‍ നടന്നതെന്നും എം.എല്‍.എ പറഞ്ഞു.