* ജില്ലാതല ക്ഷീര കർഷക സംഗമം സമാപിച്ചു
സംസ്ഥാനം പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാർ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീരവികസന വകുപ്പ് മൂന്നു ദിവസങ്ങളിലായി ‘ജീവനീയം 2024-25’ എന്ന പേരിൽ സംഘടിപ്പിച്ച ജില്ലാതല ക്ഷീര കർഷക സംഗമം സമാപന സമ്മേളനം ഉദ്ഘാടനം
കാട്ടുമുണ്ട തോട്ടത്തിൽ കൺവൻഷൻ സെൻ്റിൽ ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇരുപത്തിരണ്ട് കോടി ചെലവിൽ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലനം, തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന കിടാരി പാർക്കുകൾ, ക്ഷീരകർഷകർക്ക് ചികിത്സാ സഹായം നൽകുന്ന ‘ക്ഷീരസാന്ത്വനം’ എന്നിങ്ങനെ ബൃഹത്തായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്.
‘അസുഖം ബാധിച്ച പശുക്കളെ വെറ്ററിനറി ഡോക്ടർമാർക്ക് വീട്ടിലെത്തി ചികിൽസിക്കാൻ 68 വാഹനങ്ങൾ ബ്ലോക്ക് തലത്തിൽ നൽകും. 1962 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ വാഹനങ്ങൾ വീട്ടിലെത്തും. പശുക്കൾക്ക് ഏർപ്പെടുത്തുന്ന ആരോഗ്യകാർഡ് പദ്ധതി വഴി ഓരോ പശുവിനെയും കുറിച്ചുള്ള കൃത്യമായ ആരോഗ്യവിവരങ്ങളും, ഉടമയെ സംബന്ധിക്കുന്ന വിവരങ്ങളുമെല്ലാം ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകും. അതിദരിദ്രർക്കും തോട്ടം മേഖലയിലെ തൊഴിലാളികൾക്കും സ്ഥിരവരുമാനത്തിന് പശുക്കളെ സബ്‌സിഡിയിനത്തിൽ നൽകി വരുന്നുണ്ട്. മാത്രമല്ല, ക്ഷീരശ്രീ പോർട്ടൽ വഴി പശുകൾക്ക് ഇൻഷുറൻസിന് അപേക്ഷിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.
ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനുള്ള അവാർഡ് കോഡൂർ ക്ഷീരസംഘത്തിലെ കുഞ്ഞിമുഹമ്മദ് ഹാജിക്ക് മന്ത്രി സമ്മാനിച്ചു. ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ക്ഷീരസംഘത്തിനുള്ള അവാർഡ് കാളികാവ് ബ്ലോക്കിലെ കരുളായി ക്ഷീരസംഘം നേടി. നിലമ്പൂർ ബ്ലോക്കിലെ പാലേമാട് ക്ഷീരസംഘം ആണ് ഏറ്റവും ഗുണമേന്മയുള്ള പാൽ സംഭരിച്ച ക്ഷീരസംഘം. ഏറ്റവും മികച്ച ക്ഷേമനിധി കർഷകനായി ചേലക്കടവ് ക്ഷീരസംഘത്തിലെ രാജൻ നെല്ലൂർ തിരഞ്ഞെടുക്കപ്പെട്ടു. വടക്കുമ്പുറം ക്ഷീരസംഘത്തിലെ സജിത ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷകയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങി. ഏറ്റവും പാൽ അളന്ന പട്ടികജാതി ക്ഷീരകർഷകക്കുള്ള അവാർഡ് വഴിക്കടവ് ടൗൺ സംഘത്തിലെ ശാന്ത, മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.
ഇതിന് പുറമെ ക്ഷീരസംഗമം ലോഗോ ചെയ്ത വ്യക്തിക്കുള്ള അവാർഡ്, ക്ഷീരസംഘം ജീവനക്കാർക്കിടയിൽ നടത്തിയ ഡയറി ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ, കന്നുകാലി പ്രദർശനമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ, വണ്ടൂർ ബ്ലോക്കിലെ മികച്ച ക്ഷീരകർഷകർക്കുള്ള പുരസ്‌കാരങ്ങൾ എന്നിവയും വിതരണം ചെയ്തു.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ജോയിൻ ഡയറക്ടർ ഷീബ ഖമർ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (റിട്ട ) ഡോക്ടർ ഹാറൂൺ അബ്ദുൽ റഷീദ്, മമ്പാട് ക്ഷീര സംഘം ചെയർമാൻ സണ്ണി ജോസഫ്, വിവിധ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
ജനുവരി 28 മുതൽ മൂന്നു ദിവസങ്ങളിലായി നടന്ന ക്ഷീരസംഗമം വിപുലമായ പരിപാടികളോടെയാണ് നടന്നത്. വിളംബര ജാഥ, കന്നുകാലി പ്രദർശനം, ക്ഷേമനിധി അദാലത്ത്, ക്ഷീരകർഷകർക്കുള്ള ശില്പശാല, മെഡിക്കൽ ക്യാമ്പ്, സഹകരണ ശില്പശാല, ഡയറി എക്സ്പോ, ഡയറി ക്വിസ്, കലാസന്ധ്യ, ക്ഷീരവികസന സെമിനാർ തുടങ്ങിയവയാണ് പരിപാടിയുടെ ഭാഗമായി നടന്നത്. സമാപന ദിവസം രാവിലെ നടന്ന ക്ഷീരവികസന സെമിനാർ എ.പി അനിൽകുമാർ എം.എൽ.എ, ഉദ്ഘാടനം ചെയ്തു.