കാസർഗോഡ് ജില്ലയിൽ ദ്രുതകർമ്മ സേന രാത്രിയും പകലും നിരീക്ഷണം ശക്തമാക്കി

കാസർഗോഡ് ജില്ലയിൽ കാറഡുക്ക, മൂളിയാർ, ദേലംപാടി, പുല്ലൂർ-പെരിയ, ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകളിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലും സ്വകാര്യ ജനവാസ മേഖലയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനം വകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ച് പ്രവർത്തിച്ചു വരികയാണ്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ മൂളിയാർ, കാറഡുക്ക പഞ്ചായത്തുകളിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അധികൃതർ കർശനമായ നടപടികൾ കൈക്കൊണ്ടത്.

പുലിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി വനം വകുപ്പ് പ്രദേശത്ത് ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കുകയും, അവയിൽ പുലിയുടെ ചിത്രങ്ങൾ പതിയുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന് ജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്ത് തദ്ദേശസ്ഥാപനങ്ങളും വനം വകുപ്പും ചേർന്ന് അടിയന്തര നടപടികൾ സ്വീകരിച്ചു.

പുലി ഭീതിയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നതിനായി മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിൽ ജനജാഗ്രതാ സമിതികൾ രൂപീകരിച്ചു. കൂടാതെ, എൻ.ടി.സി.എ (നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി) ഗൈഡ്ലൈൻ പ്രകാരം എക്സ്പേർട്ട് കമ്മിറ്റിയെ നിയോഗിക്കുകയും മൂളിയാറിൽ പുലിയെ കൂട്ടി ലാക്കി പിടിക്കാനുള്ള അനുമതി നേടുകയും ചെയ്തു. ഇതേ തുടർന്ന് പ്രദേശത്ത് രണ്ട് വലിയ കൂടുകൾ സ്ഥാപിക്കുകയും നിരന്തര നിരീക്ഷണ നടപടികൾ ആരംഭിക്കുകയും ചെയ്തു. പുലി ഭീതിയുള്ള പതിനേഴ് പ്രധാന കേന്ദ്രങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. റോഡിനോട് ചേർന്ന വനപ്രദേശങ്ങളിൽ അടിക്കാടുകൾ വെട്ടി വൃത്തിയാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ബോവിക്കാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദ്രുതകർമ്മ സേന രാത്രിയും പകലും നിരീക്ഷണം ശക്തമാക്കി. മൂന്ന് സെക്ഷൻ ഓഫീസർമാർ, അഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, നാല് താൽക്കാലിക വാച്ചർമാർ, ഒരു ഡ്രൈവർ എന്നിവരാണ് ദ്രുതകർമ്മ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. സ്‌കൂൾ കുട്ടികൾ സഞ്ചരിക്കുന്ന വനമേഖലകളിൽ പെട്രോളിംഗ് വ്യാപകമായി നടത്തുകയും, വനം വകുപ്പിന്റെ പ്രത്യേക പരിശോധനാ സംഘങ്ങൾ ക്യാമറ ട്രാപ്പുകൾ, സെർച്ച് ലൈറ്റുകൾ, ഡ്രോൺ നിരീക്ഷണം എന്നിവ ഉപയോഗപ്പെടുത്തി പുലിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയും ചെയ്തു.

സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കൂടുതൽ ഫോറസ്റ്റ് സ്റ്റേഷനുകളും വാഹനങ്ങളും അനുവദിക്കേണ്ടതുണ്ടെന്നും, ഇതിനായുള്ള അപേക്ഷ അധികൃതർ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും ജനങ്ങൾ അശങ്കപ്പെടേണ്ടതില്ലെന്നും നിരീക്ഷണ പ്രവർത്തനങ്ങൾ തുടർന്നും ശക്തമാക്കുമെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. അഷറഫ് അറിയിച്ചു.