*പള്ളിക്കുളത്തും പുതിയതെരുവിലും പുതിയ ബസ് സ്റ്റോപ്പുകൾ അനുവദിക്കും
*പുതിയതെരു പട്ടണം റെഡ് സോണിൽ നിന്ന് ഗ്രീൻ സോണിലേക്ക് മാറി

കണ്ണൂർ പുതിയതെരുവിൽ അഞ്ചുദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണം വിജയകരമെന്ന് കണ്ടതിനാൽ ചില ഭേദഗതികളോടെ തുടരാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു.
ഗതാഗതക്കുരുക്കിനെ തുടർന്ന് റെഡ് സോണിൽ ആയിരുന്ന പുതിയതെരു പട്ടണം ട്രാഫിക് പരിഷ്കരണത്തെ തുടർന്ന് ഗ്രീൻ സോണിലേക്ക് മാറിയതായി കണ്ണൂർ ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇത് ഗതാഗത പരിഷ്കരണത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. 15 മിനിറ്റ് മുതൽ ഒരു മണിക്കൂറിലേറെ നീണ്ട ഗതാഗതക്കുരുക്ക് തീർത്തും ഇല്ലാതായെന്നാണ് അഞ്ചുദിവസത്തെ അനുഭവം. ഗതാഗത പരിഷ്കരണത്തെ തുടർന്ന് പുതിയതെരു പട്ടണം ഗതാഗതകുരുക്ക് ഇല്ലാത്ത രീതിയിലേക്ക് മാറിയതായി യോഗം വിലയിരുത്തി.

യാത്രക്കാരുടെ സൗകര്യാർത്ഥം, തളിപ്പറമ്പ് ഭാഗത്തേക്കുള്ള ടൗൺ ടു ടൗൺ, ലിമിറ്റഡ് സ്റ്റോപ്പ് ഉൾപ്പെടെയുള്ള ബസ്സുകൾക്ക് പള്ളിക്കുളത്ത് സ്റ്റോപ്പ് അനുവദിച്ചു. ഇതിന് പുറമേ ലോക്കൽ ബസുകൾക്ക് മാഗ്നറ്റ് ഹോട്ടലിന് എതിർവശം പുതിയ സ്റ്റോപ്പ് അനുവദിക്കും. ഹൈവേ ജംഗ്ഷന് സമീപത്തേക്ക് മാറ്റിയ പുതിയ ബസ് സ്റ്റോപ്പ് തുടരും. അവിടെ എല്ലാ ബസ്സുകൾക്കും സ്റ്റോപ്പ് അനുവദിക്കും. യൂ ടേൺ എടുക്കുന്നതിന് മുമ്പായി മയ്യിൽ ഭാഗത്തേക്കുള്ള ബസുകളും ഇവിടെ നിർത്താൻ അനുവദിക്കുന്നതാണ്. വില്ലേജ് ഓഫീസിന് എതിർവശത്തെ പഴയ ബസ് സ്റ്റോപ്പ് കെ.എസ്.ഇ.ബിയുടെ അനുമതിയോടെ ട്രാൻസ്ഫോർമർ ഉൾപ്പെടെയുള്ളവ മാറ്റി സ്ഥാപിച്ച്‌ സ്ഥിരം ബസ് ബേയാക്കി മാറ്റി സ്ഥാപിക്കാൻ യോഗം നിർദേശം നൽകി. തളിപ്പറമ്പ്, അഴീക്കോട് ഭാഗത്തേക്കുള്ള ലോക്കൽ ബസ്സുകൾക്കാവും ഭാവിയിൽ ഇവിടെ സ്റ്റോപ്പ് അനുവദിക്കുക. അതുവരെയാണ് മാഗ്നറ്റ് ഹോട്ടലിന് എതിർവശം ബസ്സുകൾ നിർത്തുക.

മയ്യിൽ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് മാറ്റിയത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായി. സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ബ്ലോക്ക്‌ ഉണ്ടായിരുന്ന സ്ഥലമാണ് പുതിയതെരുവെന്നും പരിഷ്കരണത്തിലൂടെ വലിയ മാറ്റം കൊണ്ടുവരാൻ സാധിച്ചുവെന്നും കെ.വി.സുമേഷ് എം.എൽ.എ പറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസമായി പരിഷ്കരണം നിരീക്ഷിച്ചു വരികയാണെന്നും ഗതാഗതക്കുരുക്കിൽ വലിയ മാറ്റം ഉണ്ടാക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബസ് ഉടമകളുടെയും ബസ് ജീവനക്കാരുടെയും മോട്ടോർ തൊഴിലാളികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും സംഘടനാ ഭാരവാഹികൾ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ഗതാഗത പരിഷ്കരണത്തെ പൂർണ്ണമായും പിന്തുണച്ചു.

കെ.വി. സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചിറക്കൽ പഞ്ചായത്തിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സി. ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രുതി , വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, കണ്ണൂർ ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ, വളപട്ടണം സി.ഐ ടി.പി സുമേഷ്, എസ്‌.ഐ പി. ഉണ്ണികൃഷ്ണൻ, ബസ് ഉടമകളുടെയും ബസ് ജീവനക്കാരുടെയും മോട്ടോർ തൊഴിലാളികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.