തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷന്‍ വിഭജനവും അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി നടത്തിയ ഹിയറിങ് സമാപിച്ചു. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുമായ എ.ഷാജഹാന്റെ നേതൃത്വത്തില്‍ നടന്ന ഹിയറിങിന്റെ രണ്ടാം ദിവസമായ ഫെബ്രുവരി ആറിന് 1356 പരാതികളാണ് പരിഗണിച്ചത്. ആദ്യ ദിനമായ ഫെബ്രുവരി അഞ്ചിന് പരിഗണിച്ച 1484 പരാതികള്‍ ഉള്‍പ്പെടെ ആകെ 2840 പരാതികളാണ് കമ്മീഷന്റെ മുന്നിലെത്തിയത്. രാവിലെ ഒമ്പതിന് തുടങ്ങിയ ഹിയറിങ് വൈകീട്ട് ഏഴിനാണ് അവസാനിച്ചത്.
മലപ്പുറം, താനൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി, വേങ്ങര, വണ്ടൂര്‍ ബ്ലോക്കുകള്‍ക്ക് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ നിന്നും മലപ്പുറം, താനൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളിലെയും പരാതികളാണ് ഇന്ന് പരിഗണിച്ചത്. ശേഷിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള പരാതികള്‍ ആദ്യ ദിവസം പരിഗണിച്ചിരുന്നു.
ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, അസിസ്റ്റന്റ് കളക്ടര്‍ വി.എം. ആര്യ, ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി എസ്. ജോസ്‌ന മോള്‍, എ.ഡി.എം എന്‍.എം മെഹറലി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.എം. സനീറ, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന വി.കെ മുരളി, ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍, ജില്ലാ ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.