ഇന്ത്യയിൽ ആദ്യമായി പദ്ധതികളിൽ ഡിസൈൻ പോളിസി കൊണ്ടുവന്നത് കേരളം: പി.എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് കളക്ടറേറ്റ് ജംഗ്ഷനും എം.എൽ.എ റോഡും നവീകരിച്ചു. പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്‌ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളിൽ പൊതുവായ ഒരു ഡിസൈൻ പോളിസി പിന്തുടർന്നാണ് പദ്ധതികൾ നടപ്പിലാക്കുന്നതെന്നും ഇന്ത്യയിൽ ആദ്യമായി ഇത്തരത്തിൽ ഡിസൈൻ പോളിസി കൊണ്ടുവന്നത് കേരളമാണെന്ന് മന്ത്രി പറഞ്ഞു.
ഏതു പ്രവർത്തിയും ഡിസൈൻ പോളിസിയോടെ പൂർത്തിയാക്കുന്നത് വലിയ മാറ്റങ്ങൾക്ക് രൂപം നൽകും. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾക്ക് അനുസരിച്ചാണ് പദ്ധതി രൂപകല്പന ചെയ്യുന്നത്. പൊതുഇടങ്ങൾ എങ്ങനെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കി മാറ്റാം എന്നതാണ് സർക്കാർ നയം. റോഡുകൾ നിർമ്മിക്കുന്നതിനൊപ്പം അമിനിറ്റി സെന്ററും ടോയ്ലറ്റ് സംവിധാനങ്ങളും സജ്ജീകരിക്കുന്നുണ്ട്. കേരളത്തിലെ പാലങ്ങൾക്ക് താഴെ പാർക്കുകളും കളിസ്ഥലങ്ങളും ഒരുക്കുന്നു. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ 71 കിലോമീറ്റർ റോഡുകൾ ബിഎം ആന്റ് ബിസി നിലവാരത്തിലാക്കിയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ 2020-21 വർഷത്തെ ബജറ്റ് ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന കളക്ടറേറ്റ് ജംഗ്ഷൻ നവീകരിച്ചത്. ആധുനിക സൗകര്യങ്ങളോടെ ഉപയോഗിക്കാവുന്ന ശുചിമുറികൾ, ഫീഡിംഗ് റൂം, സ്ത്രീകൾക്കായുള്ള വിശ്രമമുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കളക്ടറേറ്റ് ജംഗ്ഷനിൽ നിർമ്മിച്ച അത്യാധുനിക ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വൈഫൈ, ടിവി, എഫ്.എം റേഡിയോ, മികച്ച ഇരിപ്പിടങ്ങൾ, ക്യാമറ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ 12-ാമത്തെ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 90 ലക്ഷം ചെലവഴിച്ചാണ് കുടപ്പനക്കുന്ന് എം.എൽ.എ റോഡും നവീകരിച്ചത്. കുടപ്പനക്കുന്ന് മുതൽ നാലാഞ്ചിറ വരെ 2200 മീറ്ററാണ് റോഡിന്റെ നീളം. പ്രദേശത്ത് 375 മീറ്റർ ദൂരത്തോളം റോഡിന് ഇരുവശത്തെയും ഓടകൾ പുതുക്കിപണിതിട്ടുണ്ട്. നടപ്പാതയിൽ ഇന്റർലോക്ക് ടൈലുകൾ പതിക്കൽ, ലേഡീസ് അമിനിറ്റി സെന്റർ നിർമാണം, ബസ് കാത്തിരിപ്പ് കേന്ദ്രം, ടാറിംഗ്, റോഡ് സുരക്ഷ, ഇലക്ട്രിക്കൽ പ്രവർത്തികൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലമായതിനാൽ ഓട നിർമാണത്തിനായി 40 മില്ലിമീറ്റർ ചിപ്പിംഗ് കാർപെറ്റ് ഉപയോഗിച്ച് ഉപരിതലം പുതുക്കുകയും മറ്റു റോഡ് സുരക്ഷാ അനുബന്ധ പ്രവർത്തികൾ നടത്തുകയും ചെയ്തു. കളക്ടറേറ്റ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു.