കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായി ചേർന്നിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിഷറീസ് ഓഫീസുകളിൽ എത്തി 2024-25 വർഷത്തെ അംശാദായം അടച്ച് അംഗത്വം പുതുക്കണം. കുടിശ്ശികയുള്ളവരും 2024-25 വർഷത്തെ ക്ഷേമനിധി വിഹിതം നാളിതുവരെ അടയ്ക്കാത്ത തൊഴിലാളികളും ഫെബ്രുവരി 28 നകം ഫിഷറീസ് ഓഫീസുകളിൽ അംശാദായം അടക്കണം. ക്ഷേമനിധി പാസ്ബുക്ക്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ ഹാജരാക്കണം. മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി ലിസ്റ്റുകളിലെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തണം. മാറ്റമുള്ള വിവരങ്ങൾ ഫിഷറീസ് ഓഫീസറെ അറിയിക്കണം.

മത്സ്യത്തൊഴിലാളി,അനുബന്ധ തൊഴിലാളി ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതികൾ പ്രകാരമുള്ള അപകടമരണം, അപകടത്തെ തുടർന്നുള്ള അംഗവൈകല്യം, ആശുപത്രി ചികിത്സ എന്നിവയ്ക്കുള്ള ഇൻഷുറൻസ് ധനസഹായത്തിനും, മാരകരോഗ ചികിത്സ ധനസഹായ പദ്ധതി,സാന്ത്വനതീരം ചികിത്സാ ധനസഹായ പദ്ധതി, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ്, പെൺമക്കളുടെ വിവാഹ ധനസഹായം, ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങൾ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങൾ മുതലായവ തുടർന്നും ലഭിക്കുന്നതിന് അംശാദായം അടച്ച് അംഗത്വം നിലനിർത്തണം.