തൃശ്ശൂരിലെ ആദ്യ ഫുൾ മാരത്തോൺ ഇവൻ്റ് തൃശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോൺ വിജയകരമായി പൂർത്തിയായി. 42 കിലോമീറ്റർ ഫുൾ മാരത്തോൺ ഇന്നലെ പുലർച്ചെ 3.30ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് ഓഫിനെ തുടർന്ന് ഫുൾ മാരത്തോൺ ഓട്ടത്തിൽ പങ്കെടുത്ത കളക്ടർ 4 മണിക്കൂർ 6 മിനിറ്റുകൊണ്ട് വിജയകരമായി ഓട്ടം പൂർത്തിയാക്കി. 21, 10, 5 കിലോമീറ്റർ ഓട്ടമത്സരങ്ങൾ യഥാക്രമം സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, എ.എസ്.പി. ഹാർദിക് മീണ, കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.

പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, കേരളത്തിലെ ആദ്യ ബ്ലേഡ് റണ്ണർ സജേഷ് കൃഷ്ണൻ തുടങ്ങി നിരവധി ഉദ്യോഗസ്ഥരും പൗര പ്രമുഖരും വിവിധ തലങ്ങളിലായി മത്സരങ്ങളിൽ പങ്കാളികളായി. ജില്ലയിലെ ആദ്യ ഫുൾ മാരത്തോൺ മത്സരത്തിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ വിവിധ പ്രായ വിഭാഗങ്ങളിലായി ജഗദീശൻ മുനിസാമി (2hrs 51 min 15 sec) ജസ്റ്റിൻ T.X., സാബു ജി. ചരുവിൽ, ബാബു ജോസഫ് പി. വി., ശാന്തല കേനി (4hrs15 min 55sec) ജൂലിയ പി ജോണി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


സോഷ്യൽ ഇൻക്ലൂസിവിറ്റി എന്ന ആശയത്തെ മുൻ നിർത്തി മരത്തോണിനോടനുബന്ധിച്ച് ‘Break the Barrier Run’ എന്നപേരിൽ ഭിന്നശേഷിക്കാരായ കായിക തത്പരരുടെ വീൽചെയർ ഉപയോഗിച്ചുള്ള സൗഹൃദ ഒട്ടമത്സരവും സംഘടിപ്പിച്ചു. ‘Break the Barrier’ ഓട്ടത്തിൽ പങ്കെടുത്തവർക്കുള്ള എൻഡ്യൂറൻസ് അത്‌ലിറ്റ് കൂട്ടായ്മയുടെ സ്നേഹസമ്മാനങ്ങൾ ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു കൈമാറി.

മത്സര സമാപനത്തോടെ സംഘടിപ്പിച്ച സമ്മാനദാന സമ്മേളനത്തിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ, മന്ത്രി ഡോ. ആർ. ബിന്ദു, മേയർ എം.കെ വർഗ്ഗീസ്, പി. ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, പ്രശസ്ത ഫുട്ബോളറും പദ്മശ്രീ പുരസ്കാര ജേതാവുമായ ഐ.എം വിജയൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.ആർ സാംബശിവൻ, ടിസിസിഎം മുഖ്യ സ്പോൺസറായ കേരള ഗ്രാമീണ ബാങ്കിൻ്റെ ചെയർപേഴ്സൺ വിമല വിജയഭാസ്‌കർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. പദ്മശ്രീ പുരസ്കാര നേട്ടത്തിൽ ഐ.എം വിജയനെ ചടങ്ങിൽ അനുമോദിച്ചു.

ഓരോ മത്സര വിജയികൾക്കും, സഹകരിച്ച മറ്റു സംഘടനകൾക്കും, പ്രധാന മത്സരത്തിൽ കൃത്രിമ കാൽ ഉപയോഗിച്ചും വെല്ലുവിളികളെ അതിജീവിച്ചും പങ്കെടുത്ത ഭിന്നശേഷിക്കാരായ ഓട്ടക്കാർക്കും വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ നൽകി.
മാരത്തോണിൻ്റെ സുഗമമായ നടത്തിപ്പിൽ എൻസിസി, എൻഎസ്എസ്, സിവിൽ ഡിഫൻസ്, തുടങ്ങിയ നിരവധി സന്നദ്ധ സംഘടനകൾ സഹകരിച്ചു. മത്സരാർത്ഥികളും അതിഥികളും സന്നദ്ധപ്രവർത്തകരുമായി രണ്ടായിരത്തി അഞ്ഞൂറോളം പേർ പരിപാടിയുടെ ഭാഗമായി. മത്സരത്തിൻ്റെ സുഗമമായ നടത്തിപ്പിൽ സഹകരിച്ച ഏവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

മാരത്തോണിൽ തിളങ്ങി ജില്ലാ കളക്ടർ

തൃശ്ശൂരിൽ നടന്ന കള്‍ച്ചറല്‍ ക്യാപിറ്റൽ മാരത്തോണിൽ തിളങ്ങി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് 42.2 കിലോമീറ്റർ ഫുൾ മാരത്തോൺ ഓട്ടത്തിൽ പങ്കെടുത്ത ജില്ലാ കളക്ടർ 4 മണിക്കൂർ 6 മിനിറ്റുകൊണ്ട് വിജയകരമായി ഓട്ടം പൂർത്തിയാക്കി. അഞ്ച് മാരത്തൺ ഓട്ട മത്സരങ്ങളിൽ പങ്കെടുത്ത ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ ഏറ്റവും മികച്ച സമയത്തിൽ ഫിനിഷ് ചെയ്തതും തൃശ്ശൂർ മാരത്തോണിലായിരുന്നു.

മുസ്സൂരിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിലെ സിവിൽ സർവീസ് പരിശീലന കാലഘട്ടത്തിൽ മികച്ച കായികതാരമായി അർജുൻ പാണ്ഡ്യനെ തിരഞ്ഞെടുത്തിരുന്നു.
മികച്ച പർവതാരോഹകൻ കൂടിയായ ജില്ലാ കളക്ടർ കിളിമഞ്ചാരോ, എൽബ്രസ്, ഹിമാലയത്തിലെ കൊടുമുടികൾ എന്നിവ കീഴടക്കിയിട്ടുണ്ട്.

ജില്ലയിലെ കായിക വിനോദവും കായികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനങ്ങൾക്കിടയിൽ ഫിറ്റ്നസ് സംസ്കാരം വളർത്തുന്നതിനുമായാണ് ജില്ലാ കളക്ടർ മാരത്തോണിൽ പങ്കെടുത്തത്. ജില്ലയിൽ മികച്ച കായികശീലം വളർത്തുന്നതിനായി ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. ജില്ലാ ഭരണകൂടത്തിൻ്റെ സഹകരണത്തോടെയായിരുന്നു തൃശ്ശൂര്‍ കള്‍ച്ചറല്‍ ക്യാപിറ്റല്‍ മാരത്തോൺ സംഘടിപ്പിച്ചത്.