ഈ വർഷത്തെ പഠനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 20ന് രാവിലെ 9ന് തിരുവനന്തപുരം കൊഞ്ചിറവിള യു.പി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഇതേ തുടർന്ന് ജില്ലാതലത്തിലും പഞ്ചായത്ത്-ബ്ലോക്ക്തലങ്ങളിലും സ്‌കൂൾതലത്തിലും പഠനോത്സവങ്ങൾ സംഘടിപ്പിക്കും.

കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മികവിന്റെ ക്രന്ദ്രങ്ങളായി വളർന്നതിന്റെ ജനകീയ വിലയിരുത്തലാണ് പഠനോത്സവം. കുട്ടികളുടെ പഠനമികവ് ജനങ്ങളിലെത്തിക്കാൻ നടത്തുന്ന പൊതുപരിപാടിയാണ് ഈ മികവ് ഉത്സവം. ഈ അധ്യയന വർഷം ക്ലാസ് മുറിയിൽ നിന്നും. സ്‌കൂൾ അന്തരീക്ഷത്തിൽ നിന്നും നേടിയ വ്യത്യസ്ത വിഷയങ്ങളിലെ പഠന മികവുകൾ കുട്ടികൾ അവതരിപ്പിക്കും. പൊതുഇടങ്ങളിൽ കുട്ടികളുടെ കഴിവുകൾ അവതരിപ്പിക്കപ്പെടുമ്പോൾ സ്‌കൂൾ പ്രവർത്തനങ്ങളിൽ ദൈനംദിന ഇടപെടൽ നടത്താൻ കഴിയാത്ത പൊതു ജനങ്ങൾക്കും കുട്ടികളുടെ പഠന മികവ് നേരിട്ട് അറിയാൻ കഴിയും. പഠനോത്സവ അവതരണങ്ങൾ കുട്ടികൾക്ക് വലിയ ആത്മവിശ്വാസം ഉണ്ടാക്കും. സ്‌കൂൾ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കാനും തുടർന്ന് സക്രിയമായി ഇടപെടാനുമുള്ള അവസരമാണ് പഠനോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്.

സ്‌കൂൾ പ്രവേശനോത്സവം മുതൽ പഠനോത്സവം വരെയാണ് കേരളത്തിലെ അക്കാദമിക പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്. സമഗ്ര ശിക്ഷ, ”സ്റ്റാർസ്” പദ്ധതിയുടെ ഭാഗമായി പഠനോത്സവം കേരളത്തിലെ മുഴുവൻ സ്‌കുളുകളും നടത്തേണ്ടതായുണ്ട്. മൂന്നു തലങ്ങളിലാണ് ഇവ നടക്കുക. ആദ്യഘട്ടത്തിൽ അധ്യാപകർ കുട്ടികളുടെ ഒരു വർഷത്തെ അക്കാദമിക മികവ് ക്ലാസ് തലത്തിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ടാം ഘട്ടത്തിൽ കുട്ടികൾ പ്രവർത്തന നേട്ടങ്ങൾ അവതരിപ്പിക്കും. മൂന്നാം ഘട്ടത്തിൽ പൊതുജന മധ്യത്തിൽ പൊതുവിദ്യാഭ്യാസത്തിന്റെ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്ന തരത്തിൽ മികവുകൾ അവതരിപ്പിക്കും.