മാലിന്യ സംസ്‌കരണത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്തുകൾക്കും നഗരസഭകൾക്കും അവാർഡ് നല്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണവകുപ്പും ശുചിത്വമിഷനും ശുചിത്വ- മാലിന്യ സംസ്‌കരണ രംഗത്തെ വിവിധ സർക്കാർ ഏജൻസികളും ചേർന്ന് സംഘടിപ്പിക്കുന്ന ‘വൃത്തി 2025’- ക്ലീൻ കേരള കോൺക്ലേവിന്റെ ലോഗോ, വെബ് സൈറ്റ്, പ്രാഥമിക ബ്രോഷർ എന്നിവയുടെ പ്രകാശനം കണ്ണൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 1034 തദ്ദേശഭരണസ്ഥാപനങ്ങളുടെയും പങ്കാളിത്തം അന്തർദേശീയ കോൺക്ലേവിൽ ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശഭരണസ്ഥാപനങ്ങളുടെ മികച്ച മാതൃകകളും പ്രവർത്തനങ്ങളും മറ്റ് സ്ഥാപനങ്ങളിലുള്ളവർക്കും സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള വിദഗ്ധർക്കും മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും കാണുന്നതിനും മനസ്സിലാക്കാനുമുള്ള അവസരമുണ്ടാവും. പൊതുനിരത്തുകളിൽ നിലവിലുള്ള മാലിന്യക്കൂനകൾ ഇല്ലാതാക്കാനും വലിച്ചെറിയൽ രീതി ഇല്ലാതാക്കുന്നതിനുമുള്ള മനോഭാവമാറ്റം എല്ലാവരിലുമുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.
എട്ടു വിഷയമേഖലകളിലായി അൻപതിലേറെ കോൺഫറൻസുകൾ, സെമിനാറുകൾ, ശില്പശാലകൾ, ലൈവ് ഡെമോൺസ്‌ട്രേഷനുകൾ എന്നിവയും ശുചിത്വ- മാലിന്യസംസ്‌കരണ മാതൃകകളുടെയും ബദൽ ഉത്പന്നങ്ങളുടെയും പ്രദർശനങ്ങൾ, ഹാക്കത്തോൺ, ഐഡിയത്തോൺ. ലഘുവീഡിയോ നിർമാണം ഉൾപ്പെടെ വിവിധ മത്സരങ്ങൾ, ‘വേസ്റ്റ് ടു ആർട്ട്’ ഇൻസ്റ്റലേഷനുകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ കോൺക്ലേവിന്റെ ഭാഗമാണ്.
ഹരിതകേരളം മിഷൻ, കേരള ഖരമാലിന്യ പരിപാലന പദ്ധതി, കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ര്‌ടേഷൻ, തൊഴിലുറപ്പ് പദ്ധതി, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ തുടങ്ങി വിവിധ സർക്കാർ ഏജൻസികൾ സംഘാടനത്തിന് നേതൃത്വം നൽകും.
ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ് സ്വാഗതം പറഞ്ഞു. കണ്ണൂർ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ ടി.ജെ., സംസ്ഥാന ശുചിത്വ മിഷൻ വേസ്റ്റ് മാനേജ്മന്റ് കൺസൾട്ടന്റ് എൻ. ജഗജീവൻ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എം. സുനിൽകുമാർ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.