*കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ജീവൻ രക്ഷിക്കുക ലക്ഷ്യം

ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കരൾ രോഗങ്ങൾ പ്രത്യേകിച്ച് ഫാറ്റി ലിവർ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. ജനസംഖ്യയിൽ നല്ലൊരു ശതമാനത്തോളം ആളുകളെ നിശബ്ദമായി ബാധിക്കുന്ന ഒരു രോഗമായി നോൺ ആൾക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി) മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നിർണായക ഇടപെടൽ നടത്തുന്നത്. ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി തിരുവനന്തപുരം ജനറൽ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്ത് ഉടനീളം ഫാറ്റി ലിവർ ക്ലിനിക്കുകൾ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

രക്ത പരിശോധനാ ലാബുകൾ, സ്‌കാനിംഗ് തുടങ്ങി നിലവിലുള്ള സംവിധാനങ്ങൾക്ക് പുറമേ ഫാറ്റി ലിവറിന്റെ കാഠിന്യമറിയാനുള്ള ഫൈബ്രോ സ്‌കാനിംഗ് മെഷീൻ ഉൾപ്പെടെ സജ്ജമാക്കിയാണ് ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. നിലവിൽ പ്രധാന മെഡിക്കൽ കോളേജുകളിലും ഫാറ്റി ലിവർ ക്ലിനിക്കുകൾ പ്രവർത്തിച്ചു വരുന്നു.

വളരെ നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കിൽ കരളിന്റെ പ്രവർത്തനം തന്നെ അപടകടത്തിലായി അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുന്ന ഒരു രോഗമാണ് ഫാറ്റി ലിവർ. മദ്യപാനത്തിലൂടെയോ അല്ലെങ്കിൽ മരുന്നുകളുടെ ദുരുപയോഗം കൊണ്ടോ ഉണ്ടാകുന്ന രോഗമാണ് ഫാറ്റി ലിവർ എന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ഇവയല്ലാതെ ഉണ്ടാകുന്ന രോഗമാണ് നോൺ ആൾക്കഹോളിക് ഫാറ്റി ലിവർ. വലിയ രോഗ ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ കണ്ടെത്താനും താമസം വരുന്നു. അതിനാൽ ഈ രോഗത്തിന്റെ സങ്കീർണതകളായ ലിവർ സിറോസിസോ കാൻസറോ ആയി മാറാൻ സാധ്യതയുണ്ട്. നേരത്തെ കണ്ടുപിടിക്കുന്നതിലൂടെയും ചികിത്സയിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും ഈ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കും. അതിനായി ഫാറ്റി ലിവർ ക്ലിനിക്കുകൾ ഏറെ സഹായിക്കും.