മൂന്നാം കടവ് പദ്ധതിയുടെ സര്‍വ്വേ നടത്തുന്നതിന്റെ ഭാഗമായി അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ആക്ഷന്‍ കമ്മറ്റി ഭാരവാഹികളുടെയും ജനപ്രതിനിധിളുടെയും യോഗം ചേര്‍ന്നു. ഒരാളെയും കുടിയിറക്കാതെ ഒരാളുടെയും ഭൂമി നഷ്ടമാകാതെയുള്ള പ്രവൃത്തിയാണ് ആലോചിക്കുന്നതെന്നും കാസര്‍ഗോഡ് ജില്ലയില്‍ വേനൽക്കാലത്ത് ജലസ്രോതസ്സുകള്‍ കുറവായതിനാല്‍ അനുഭവപ്പെടുന്ന ജലക്ഷാമത്തിന് പദ്ധതി അത്യാവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു. ഏത് തരത്തിലുള്ള ഡാമാണ് നിര്‍മ്മിക്കാന്‍ സാധിക്കുക എന്നത് പഠന വിധേയമാക്കേണ്ടതുണ്ടെന്നും അതിന് സര്‍വ്വേ പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ പറഞ്ഞു.
കേരളത്തില്‍ ക്രിട്ടിക്കല്‍ ബ്ലോക്കുകളുടെ പട്ടികയില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഉള്‍പ്പെട്ടിട്ടുണ്ടെന്നും, വെളളം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളും മറ്റ് പ്രചരണങ്ങളും നിര്‍ത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു. വിഷയത്തിലെ തെറ്റിദ്ധാരണകള്‍ നീക്കാന്‍ എം.എല്‍.എയും ജില്ലാ കളക്ടറും പങ്കെടുക്കുമെന്ന മുഴുവന്‍ ആക്ഷന്‍ കമ്മറ്റി അംഗങ്ങളുടെയും യോഗം ചേരും.
ബേഡഡുക്ക പഞ്ചായത്തിലെ ജനങ്ങള്‍ക്ക് പദ്ധതി വലിയ ഗുണം ചെയ്യുമെന്നും കഴിഞ്ഞ വേനല്‍കാലത്ത് രാമങ്കയം കുടിവെള്ള പദ്ധതിയില്‍ കുടിവെള്ളം തീരെ ലഭിക്കാതെ വന്നപ്പോള്‍ ബാവിക്കര കുടിവെള്ള പദ്ധതിയെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടായതാണെന്നും ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ പറഞ്ഞു.
കളക്ടറേറ്റ് വീഡിയോ കണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ. അരവിന്ദാക്ഷന്‍, എം. ധന്യ, കെ. കുമാരന്‍, ടി.കെ. നാരായണന്‍, മുരളി പയ്യങ്ങാനം, കാസര്‍കോട് ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.ടി. സഞ്ജീവ്, വാട്ടര്‍ അതോറിറ്റി ഇ.ഇ. എ.വി പ്രകാശന്‍, കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇ.കെ. അര്‍ജുനന്‍, കെ.ഡി.പി. പ്രൊജക്ട് മാനേജര്‍ എം.എം. തങ്കച്ചന്‍, കെ. ബാലകൃഷ്ണന്‍ ബേഡകം, എം. ബാലകൃഷണന്‍ കല്യോട്ട്, ആര്‍. രതീഷ്, ടോണി മാത്യു, സുനില്‍, ബാബുരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.