തൃശ്ശൂര്‍ ജില്ലയില്‍ 267 സെന്ററുകളിലായി 36,145 വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് 3ന് എസ്.എസ്.എൽ.സി പരീക്ഷ എഴുതി. മൂന്നു കുട്ടികള്‍ ഹാജരായില്ല. മതിലകം സെയിന്റ് ജോസഫ്‌സ് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് (565 വിദ്യാര്‍ത്ഥികള്‍). എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 555 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. രാമവര്‍മ്മപുരം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കേച്ചേരി മാമ്പുള്‍ ഹൂദ സ്‌കൂള്‍ എന്നീവിടങ്ങളില്‍ ആണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ (ഏഴ്) പരീക്ഷ എഴുതിയത്.

തൃശ്ശൂര്‍, ഇരിങ്ങാലക്കുട, ചാവക്കാട് എന്നീ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി 36148 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നത്. ഇതില്‍ 18579 ആണ്‍കുട്ടികളും 17569 പെണ്‍കുട്ടികളുമാണ് ഉള്ളത്. ചോദ്യപേപ്പര്‍ ചോര്‍ച്ച പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന തലത്തിലുള്ള സ്‌ക്വാഡുകള്‍ക്കു പുറമേ ജില്ലയില്‍ നാല് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കുട്ടികളുടെ പരീക്ഷാപേടി അകറ്റുന്നതിനും വേനലില്‍ കുട്ടികളുടെ ആരോഗ്യം സംരക്ഷിച്ച് കൊണ്ട് പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും ശക്തമായ മുന്നൊരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. പരീക്ഷാ കാലയളവില്‍ വേനല്‍ച്ചൂട് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ തടയുന്നതിനായി പരീക്ഷാ സെന്ററുകളിലെ ക്ലാസ് മുറികളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്ന് സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ, വായുസഞ്ചാരമുള്ള ക്ലാസ് മുറികള്‍ ഉറപ്പാക്കുക, ക്ലാസ് മുറികളില്‍ ഫാന്‍ നിര്‍ബന്ധമാക്കുക തുടങ്ങിയ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പരീക്ഷാ കാലയളവില്‍ ഓപ്പണ്‍ അസംബ്ലി ഒഴിവാക്കാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.