‘മനോഭാവം മാറ്റാം, എല്ലാവർക്കും ചെവിയുടെയും കേൾവിയുടെയും പരിരക്ഷ ഉറപ്പാക്കാം’ എന്ന സന്ദേശവുമായി ലോക കേൾവി ദിനാചരണം കണ്ണൂർ ജില്ലയിൽ വിപുലമായി സംഘടിപ്പിച്ചു. മുഴത്തടം ഗവ. യു.പി. സ്‌കൂളിൽ കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രവണ വൈകല്യം നേരത്തെ കണ്ടെത്തി കൃത്യമായി ചികിത്സിക്കണമെന്ന് അദേഹം പറഞ്ഞു. അത്യാവശ്യമുള്ളവർ ശ്രവണ സഹായി ഉപയോഗിക്കണമെന്നും കൃത്യമായ രീതിയിൽ സ്പീച്ച് തെറാപി നടത്തണമെന്നും മേയർ പറഞ്ഞു. ദേശീയ ബധിരത നിയന്ത്രണ പദ്ധതി (എൻ.പി.പി.സി.ഡി) കണ്ണൂർ നോഡൽ ഓഫീസർ ഡോ. ഷിത രമേഷ് അധ്യക്ഷത വഹിച്ചു. എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽ കുമാർ സന്ദേശം നൽകി. കേൾവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഡോ. ഷിത രമേഷ് ക്ലാസെടുത്തു. പ്രൈമറി തലം വരെയുള്ള കുട്ടികൾക്കുണ്ടായേക്കാവുന്ന കേൾവിക്കുറവിനെക്കുറിച്ചും അത് നേരത്തെ കണ്ടുപിടിച്ച് ചികിത്സ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അങ്കണവാടി, പ്രൈമറി സ്‌കൂൾ ടീച്ചർമാരെയും രക്ഷിതാക്കളെയും ബോധവത്ക്കരിക്കുക എന്ന ക്യാമ്പയിനാണ് ഈ വർഷം സംസ്ഥാന തലത്തിൽ നടത്തുന്നത്. മുഴത്തടം യു.പി.സ്‌കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ, പി.ടി.എ. പ്രസിഡന്റ് വി.പി അർഷിത, ദേശീയ ആരോഗ്യദൗത്യം ജൂനിയർ കൺസൽട്ടന്റ് (ഡി ആൻഡ് സി) ബിൻസി രവീന്ദ്രൻ, ജില്ലാ ആശുപത്രി ഓഡിയോളജിസ്റ്റ് ലിൻസി മേരി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
കേൾവിക്കുറവിന്റെ പ്രതിരോധ- പരിഹാര പ്രവർത്തനങ്ങൾ
* കൃത്യസമയത്തുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കുക (അമ്മയ്ക്കും കുട്ടിയ്ക്കും)
* ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നുകൾ ഉപയോഗിക്കുക
* മൂർച്ചയുള്ളതും കൂർത്തതുമായ വസ്തുക്കൾ ചെവിക്കുള്ളിൽ ഇടാതിരിക്കുക
* ജലദോഷമോ ചുമയോ വന്നാൽ കുട്ടിയെക്കൊണ്ട് ശക്തിയായി മൂക്ക് ചീറ്റിക്കാതിരിക്കുക
* ചെവിയിൽ എണ്ണയോ മറ്റ് ദ്രാവകങ്ങളോ ഒഴിക്കാതിരിക്കുക
* ഉച്ചത്തിലുള്ള ശബദം കേൾക്കുന്നത് ഒഴിവാക്കുക. അത്തരം സ്ഥലങ്ങളിൽ നിന്നും കുട്ടിയെ മാറ്റി നിർത്തുക
* ഉയർന്ന ശബ്ദമുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കുട്ടികൾക്ക് ഇയർ പ്ലഗ്/ ഇയർ മഫ്സ് ഉപയോഗിക്കുക
* മലിനമായ വെള്ളത്തിൽ മുങ്ങിക്കുളിക്കാതിരിക്കുക
* കുടുംബത്തിൽ ആർക്കെിങ്കിലും പാരമ്പര്യമായ കേൾവിക്കുറവ് ഉണ്ടെങ്കിൽ നിർബന്ധമായും കുട്ടിയെ കേൾവി പരിശോധനയ്ക്ക് വിധേയമാക്കുക
* ചെവിയിൽ ദ്വാരം ഉള്ളതായി കണ്ടെത്തിയാൽ അതിൽ വെള്ളം കയറാതെ ശ്രദ്ധിക്കുക
* ചെവി സംബന്ധമായ പ്രശ്നങ്ങൾ കുട്ടികൾക്കുണ്ടെങ്കിൽ നിർബന്ധമായും ഇ.എൻ.ടി ഡോക്ടറെ കാണുക
* കേൾവിക്കുറവ് കണ്ടെത്തിയാൽ ഒട്ടും വൈകാതെ തന്നെ ഫലപ്രദമായ ചികിത്സ ലഭ്യമാക്കുക
* ചെവിയിലുണ്ടാകുന്ന അണുബാധയ്ക്ക് ഡോക്ടറെ കണ്ട് യഥാസമയം ചികിത്സ തേടുക.
* കേൾവി സഹായി/ കോക്ലിയർ ഇംപ്ലാന്റ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുന്ന കുട്ടികൾ അത് കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും സ്പീച്ച്തെറാപ്പി ലഭ്യമാക്കുകയും ചെയ്യുക
* കുട്ടികളിൽ സംസാരത്തിന് വ്യക്തത കുറവ് അനുഭവപ്പെട്ടാൽ ഇ.എൻ.ടി ഡോക്ടർ/ സ്പീച്ച് തെറാപ്പിസ്റ്റിനെ സന്ദർശിക്കുക.
* പ്രാരംഭ ഇടപെടലുകൾ കാലതാമസം കൂടാതെ നടത്തുക.