തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പരസ്പരധാരണയും തൊഴിലിടങ്ങളിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും വ്യാവസായിക പുരോഗതിക്ക് അനിവാര്യമാണെന്ന് തുറമുഖം, സഹകരണ, ദേവസ്വംവകുപ്പ് മന്ത്രി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന സംസ്ഥാന വ്യാവസായിക സുരക്ഷിതത്വ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആരോഗ്യമുള്ള ശരീരത്തിന് മാത്രമേ ശരിയായ നിലയിൽ ഊർജം നൽകി തൊഴിൽ മേഖലയെ കരുത്തുറ്റതാക്കാൻ കഴിയൂ. ഇതിലൂടെയാണ് തൊഴിലുടമയുടെ വ്യവസായത്തിന്റെയും വളർച്ച സാധ്യമാകുന്നത്. ഈ പരസ്പര ധാരണയിലൂടെ മാത്രമേ നിലനിൽപ്പുള്ളൂ എന്ന യാഥാർഥ്യം തിരിച്ചറിയേണ്ടതുണ്ട്. പ്രായോഗികമായ നിരവധി പ്രശ്‌നങ്ങൾ ഇന്ന് തൊഴിലിടങ്ങളിൽ നേരിടേണ്ടി വരുന്നു. തൊഴിലാളികളുടെ മാനസികവും കായികവുമായ അധ്വാനം പ്രയോജനപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന വിഷമതകളെയും പ്രധാന്യത്തോടെ പരിഗണിക്കുകയും അതില്ലാതാക്കാനുള്ള ശ്രമങ്ങൾ സ്വീകരിക്കുകയും ചെയ്യണം. കേരളത്തെ സംബന്ധിച്ചടുത്തോളം നിക്ഷേപക സൗഹൃദ അന്തരീക്ഷവും വ്യാവസായിക പുരോഗതിയും വലിയ മാറ്റം സൃഷ്ടിച്ച കാലമാണിത്. ടീം വർക്കിലൂടെയാണ് ഉൽപ്പാദന, സേവന മേഖലകളിലടക്കം പുരോഗതി സാധ്യമാകുന്നത് എന്ന തിരിച്ചറിവ് പ്രധാനമാണ്.
തൊഴിലാളികളുടെ തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തിനും രോഗാവസ്ഥകൾ തിരിച്ചറിയുന്നതിനുമായി ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ് ആരംഭിച്ച മൊബൈൽ മെഡിക്കൽ എക്‌സാമിനേഷൻ യൂണിറ്റ് മികച്ച സംരഭമാണ്.
ആംബുലൻസിൽ ക്രമീകരിച്ചിരിക്കുന്ന ഈ യൂണിറ്റ് തൊഴിലിടങ്ങളിലെത്തി പരിശോധന നടത്തുന്നു എന്നതിനാൽ പ്രാഥമിക ചികിൽസ പരിശോധകൾക്കായി തൊഴിലാളിയുടെ തൊഴിൽ ദിനം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നു. രോഗനിർണയം സാധ്യമാക്കി ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന രീതി തൊഴിലാളി സൗഹൃദമായ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതത്വ അവാർഡ്, ഗ്രേഡിംഗ് സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം, ‘സുരക്ഷാജാലകം’ മാഗസിന്റെ അഞ്ചാം പതിപ്പിന്റെ പ്രകാശനം, മൊബൈൽ മെഡിക്കൽ എക്സാമിനേഷൻ യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് എന്നിവയും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
വി കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി ഡോ.കെ വാസുകി മുഖ്യപ്രഭാഷണം നടത്തി. ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ് ഡയറക്ടർ പി പ്രമോദ് സ്വാഗതമാശംസിച്ചു. ഇൻസ്‌പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് ഗ്രേഡ് II രമേശ് ചന്ദ്രൻ ആർ സുരക്ഷിതത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് ചെയർമാൻ കെ.എൻ. ഗോപിനാഥ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വിനോദ് ജി, സംസ്ഥാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. ഷീല എ.എം, കേരളാ സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റ് എ. നിസാറുദ്ദീൻ എന്നിവർ ആശംസകളർപ്പിച്ചു. ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാബുജാൻ റ്റി ചടങ്ങിന് നന്ദി അറിയിച്ചു.
അപകടരഹിത ആരോഗ്യ സുരക്ഷിതത്വ തൊഴിലിടം എന്ന ലക്ഷ്യം മുൻനിറുത്തി സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് വകുപ്പ് എല്ലാ വർഷവും വ്യാവസായിക സുരക്ഷിതത്വ അവാർഡുകൾ നൽകിവരുന്നു. വ്യവസായശാലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം, അപകടകരമായ ഫാക്ടറികളുടെ സമീപവാസികളുടെ സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുകയാണ് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പിന്റെ ലക്ഷ്യം.