പരമ്പരാഗത തൊഴിൽ മേഖലയെ സംരക്ഷിക്കുക സർക്കാർ നയം: മന്ത്രി ഒ.ആർ. കേളു
കളിമൺ പാത്ര നിർമാണ മേഖലയടക്കമുള്ള പരമ്പരാഗത തൊഴിൽ മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്നതാണ് സർക്കാർ നയമെന്ന് പട്ടികജാതി പട്ടികവർഗ ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. കളിമൺ പാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സഞ്ചരിക്കുന്ന കളിമൺ ഉൽപ്പന്ന വിപണനശാലയുടെ ഉദ്ഘാടനം സെക്രട്ടേറിയറ്റിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കളിമൺപാത്ര നിർമാണ മേഖലയിൽ തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് മൂലധനം നൽകുന്നതിനും മെച്ചപ്പെട്ട വിപണനം ഏകോപിപ്പിക്കുന്നതിനുമായാണ് കളിമൺ പാത്ര നിർമാണ വിപണനക്ഷേമ വികസന കോർപ്പറേഷൻ രൂപീകരിച്ചത്. നിരന്തരമായ ശ്രമത്തിലൂടെ കോർപ്പറേഷൻ ലാഭകരമായ അവസ്ഥയിലെത്തി. എന്നാൽ കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യം തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഒരുക്കുന്നതിനായി കൂടുതൽ ലാഭത്തിലെത്തിച്ചേരേണ്ടതുണ്ട്.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കളിമൺ പാത്ര വിപണനം സംഘടിപ്പിച്ചു വരുന്നുണ്ട്. പൊങ്കാലയിലെ പങ്കാളിത്തം ഓരോ വർഷത്തിലും വർധിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കോർപ്പറേഷന്റെ വിപണനശാലകളിൽ നിന്നും പൊങ്കാലക്കലങ്ങളുൾപ്പെടെയുള്ള കളിമൺ പാത്രങ്ങൾ മേടിച്ച് സംരംഭത്തിന് പിൻതുണ നൽകാൻ അഭ്യർഥിക്കുകയാണെന്നും മണ്ണുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുകയും കാലാതീതമായ സൗന്ദര്യത്തോടെ കളിമൺപാത്ര നിർമ്മാണം തുടരുകയും ചെയ്യുന്ന സമൂഹത്തിന് പൊതുസമൂഹം പിൻതുണ നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു. ആദ്യ ഉൽപ്പന്നം പട്ടികവർഗ പിന്നാക്ക ക്ഷേമവികസന വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കെ.എൻ. കുട്ടമണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ഷിബു എ. സ്വാഗതമാശംസിച്ചു. സംസ്ഥാന പിന്നോക്ക ക്ഷേമ വകുപ്പ് വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ അഞ്ജന എ., പട്ടികജാതി പിന്നോക്ക വിഭാഗ വകുപ്പ് ഡയറക്ടർ ഡി. ധർമലശ്രീ, ഡെപ്യൂട്ടി സെക്രട്ടറി മഞ്ജുഷ എൽ., വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി ബൈജു എസ്., പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. സിദ്ധാർത്ഥൻ എന്നിവർ സംബന്ധിച്ചു.കൺസൽട്ടന്റ് പ്രോജക്ട് മാനേജർ അനിൽ ജി. നന്ദി അറിയിച്ചു.