2019 ജനുവരി ഒന്നു മുതൽ വരുമാനം ഉറപ്പാക്കൽ പദ്ധതി പ്രകാരം കയർ തൊഴിലാളികൾക്കുള്ള കൂലി 300 രൂപയിൽ നിന്നും 350 രൂപയാക്കി വർദ്ധിപ്പിക്കുമെന്ന് വർധിപ്പിക്കുമെന്ന് ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. കയർ രണ്ടാം പുനഃസംഘടനയുടെ ഭാഗമായുള്ള സംസ്ഥാനത്തെ അമ്പതാമത്തെ ചകിരി മില്ലിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വർഷത്തോടെ എല്ലാ ചകിരി മിൽ സൊസൈറ്റികളിലും ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകൾ സ്ഥാപിക്കും. കയർ വ്യവസായത്തിൽ തൊഴിലെടുക്കുന്നവർക്ക് ന്യായമായ വരുമാനം ഉറപ്പാക്കും. തൊഴിലാളികൾക്ക് കൂലി വർധിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം സർക്കാർ ഏറ്റെടുക്കും. കയർ വ്യവസായത്തെ അഭിവൃത്തിപ്പെടുത്താൻ ആവശ്യമായ ചകിരി സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കണം. സംസ്ഥാനത്തെ നൂറാമത്തെ മിൽ ഫെബ്രുവരിയിൽ ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുമെന്നും മെയ് മാസമാകുമ്പോഴേക്കും ഇരുനൂറാമത്തെ മിൽ ഉദ്ഘാടനവും നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു.
തേങ്ങ തൊണ്ട് ശേഖരണത്തിന് കുടുംബശ്രീയെ ഏൽപ്പിക്കും. ഒരു തൊണ്ടിന് 50 പൈസ വരെ പഞ്ചായത്ത് /മുനിസിപ്പാലിറ്റികൾക്ക് നൽകാം. പുതുതായി നിർമ്മിക്കുന്ന എല്ലാ മില്ലുകളിലും സ്ത്രീ സൗഹൃദ ടോയ്ലറ്റ്, റെസ്റ്റ് റൂം എന്നിവ ഉറപ്പു വരുത്തും. പ്രളയത്തിൽ നശിച്ച മില്ലുകൾക്ക് കെട്ടിടം പുതുക്കി പണിയാൻ സഹായം നൽകും. കയർ വിതരണ പ്രതിസന്ധി ഒഴിവാക്കാൻ കയറിനെ ഭൂവസ്ത്രമായി ഉപയോഗിക്കാം. ഇതിനായി തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തും. തൊഴിലാളികൾക്ക് 200 ദിവസമെങ്കിലും ജോലി ഉറപ്പു വരുത്തുമെന്നും രണ്ട് വർഷത്തിനുള്ളിൽ കയർ വ്യവസായം പുന:സംഘടിപ്പിക്കുമെന്നും  മന്ത്രി പറഞ്ഞു. ഇന്റഗ്രേറ്റഡ് ചകിരി മിൽ സ്ഥാപിച്ച കയർ സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്കുള്ള ഇൻഷൂറൻസ് പോളിസി വിതരണവും മന്ത്രി നിർവഹിച്ചു.
കയർ രണ്ടാം പുനഃസംഘടനയുടെ ഭാഗമായി കയർ വ്യവസായ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി ഗുണമേന്മയുള്ള ഫൈബറിന്റെ അപര്യാപ്തതയാണ്. ഈ പ്രതിസന്ധി മറികടക്കുന്നതിന് സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന കയർ രണ്ടാം പുന:സംഘടനയുടെ ഭാഗമായി സംസ്ഥാനത്ത് ചകിരിമില്ലുകൾ സ്ഥാപിച്ച് ഗുണമേന്മയുള്ള ഫൈബർ മിതമായ നിരക്കിൽ സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. തൊഴിലാളികൾക്ക് സ്ഥിരമായ ജോലിയും മെച്ചപ്പെട്ട വേതനവും ഉറപ്പാക്കാനും ഇതുവഴി സാധിക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ പത്ത് കയർപിരി സഹകരണ സംഘങ്ങളിൽ ചകിരി മില്ലുകൾ സ്ഥാപിക്കുകയും അവ പ്രവർത്തനസജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഘങ്ങളിൽ ചകിരിനാരിന്റെ സ്വയംപര്യാപ്തതയും ഗുണനിലവാരമുള്ള ഫൈബറും ഉറപ്പുവരുത്താൻ സാധിച്ചിട്ടുണ്ട്. പ്രസ്തുത സംഘങ്ങളിൽ ഓരോന്നിലും ദിനംപ്രതി 8000 തൊണ്ട് വരെ ചകിരി നാര് ആക്കി മാറ്റാൻ കഴിവുള്ള യന്ത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഘങ്ങളിലൂടെ പ്രതിവർഷം 1920 ടൺ ഫൈബർ ഉത്പാദിപ്പിക്കാൻ കഴിയും. കോഴിക്കോട് ജില്ലയുടെ ആവശ്യം കഴിഞ്ഞ് 1000 ടൺ ഫൈബർ മറ്റ് ജില്ലകളിലെ കയർപിരി സംഘങ്ങൾക്ക് കയർഫെഡിലൂടെ വിതരണം ചെയ്യാൻ ഇതിവഴി കഴിയുന്നതാണ്. കയർ രണ്ടാം പുന:സംഘടനയുടെ ഭാഗമായി ഇത്തരത്തിൽ ചകിരിമില്ലുകൾ സ്ഥാപിക്കുന്നത് വഴി കേരളത്തിന് ഫൈബർ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം.
ഫറോക്ക് റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി.കെ.സി. മമ്മദ് കോയ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കയർ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ബി. രമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇലക്ട്രോണിക് നാട്ട വിതരണം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് കുമാർ നിർവഹിച്ചു. സംഘങ്ങളിൽ നിന്നും വിരമിച്ച തൊഴിലാളികൾക്കുള്ള ഗ്രാറ്റുവിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിർവഹിച്ചു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, രാമനാട്ടുുകര മുനിസിപ്പാലിറ്റി ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. അജയ് കുമാർ, കയർഫെഡ് ചെയർമാൻ എൻ. സായ്കുമാർ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, കയർഫെഡ് മാനേജിങ് ഡയറക്ടർ സി. സുരേഷ് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി.വി. ഷുഹൈബ് തുടങ്ങിയവർ സംസാരിച്ചു.ഫറോക്ക് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ. കമറുലൈല സ്വാഗതവും പ്രൊജക്ട് ഓഫീസർ ( കയർ) കെ.ടി. ആനന്ദകുമാർ നന്ദിയും പറഞ്ഞു