മാലിന്യമുക്ത സമൂഹമെന്ന ലക്ഷ്യത്തിന് കൂട്ടായ പരിശ്രമം വേണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
സമ്പൂർണ്ണ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് ഹരിതോത്സവം സംഘടിപ്പിച്ചു. രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സ്റ്റാർ പദവി നേടിയ റസിഡന്റ്സ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ, അയൽക്കൂട്ടങ്ങൾ, സംഘടനകൾ എന്നിവയെ പരിപാടിയിൽ ആദരിച്ചു. ഫൈവ് സ്റ്റാർ ലഭിച്ച പത്ത് റസിഡന്റ്സ് അസോസിയേഷനുകളും ഫോർസ്റ്റാർ ലഭിച്ച 17 റസിഡന്റ്സ് അസോസിയേഷനുകളും ത്രീസ്റ്റാർ ലഭിച്ച 14 റസിഡന്റ്സ് അസോസിയേഷനുകളും ആദരവ് ഏറ്റുവാങ്ങി. ജില്ലയിലെ ടെൻസ്റ്റാർ നേടിയ 67 വിദ്യാലയങ്ങളാണ് ആദരവ് ഏറ്റുവാങ്ങിയത്.
ജില്ലയിലെ മികച്ച അഞ്ച് ഹരിത കുടുംബശ്രീ അയൽക്കൂട്ടങ്ങളായ അഴീക്കോട് പഞ്ചായത്തിലെ വാത്സല്യം, ചിറക്കൽ പഞ്ചായത്തിലെ ഉദയം, പാപ്പിനിശ്ശേരി പഞ്ചായത്തിലെ പഞ്ചമി, വളപട്ടണം പഞ്ചായത്തിലെ ജ്വാല, ചെമ്പിലോട് പഞ്ചായത്തിലെ ഉദയ എന്നിവയെയും ആദരിച്ചു. ജില്ലയിൽ ആകെ 162 മാതൃകാ അയൽക്കൂട്ടങ്ങളാണുള്ളത്.
ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ സഹകരിച്ച വിവിധ സ്ഥാപനങ്ങളെയും സംഘടനകളെയും ആദരിച്ചു. ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി, ജില്ലാ കളക്ടർ അരുൺ കെ വിജയൻ എന്നിവർ വിശിഷ്ടാതിഥികളായി.