പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിന് പരിഹാരമായി ജൈവവാതക സംവിധാന നിര്‍മാണം അവസാനഘട്ടത്തില്‍. ശുചിത്വ മിഷനും ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളും സംയുക്തമായി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംവിധാനം ഒരുക്കുന്നത്. പ്രതിദിനം ഒരു ടണ്‍ മാലിന്യം ഇവിടെ സംസ്‌കരിക്കാനാകും.

കോഴിക്കടകളിലെ മാലിന്യം, ആട്-മാടുകളുടെ വിസര്‍ജ്യം, ആഹാരവശിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ളവ നിക്ഷേപിക്കാം. ജൈവവാതക സംവിധാനത്തിലെ അഴുകല്‍ പ്രക്രിയ വഴി ലഭിക്കുന്ന വാതകം വാണിജ്യ മേഖലയിലും ഉപയോഗിക്കാം.പുകയും ദുര്‍ഗന്ധവുമില്ലാതെ പാചകവുമാകാം.

ജൈവവാതകത്തോടൊപ്പം ലഭ്യമാകുന്ന സ്ലറി ജൈവ വളമായി (നേര്‍പ്പിച്ചോ കമ്പോസ്റ്റ് രൂപത്തിലോ) ഉപയോഗിക്കാനാകും. റെയ്ഡ്‌കോ കമ്പനിക്കാണ് നിര്‍മാണ ചുമതല. ഹരിതകര്‍മസേനയുടെ സേവനമാണ് മാലിന്യ ശേഖരണത്തിന് വിനിയോഗിക്കുക. ജൈവ വാതക സംവിധാനത്തില്‍ നിന്നുമുള്ള ഊര്‍ജത്തെ സ്റ്റേഡിയത്തിലെ വൈദ്യുതി വിളക്കുകള്‍ പ്രകാശിപ്പിക്കാനായി പ്രയോജനപ്പെടുത്താനുള്ള പദ്ധതിയും പരിഗണനയിലാണ് എന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ് പറഞ്ഞു.