ശബരിമല: നിത്യ ബ്രഹ്മചാരിയായ അയ്യപ്പഭഗവാന് ലഭിക്കുന്നത് നിരവധി വിവാഹ ക്ഷണക്കത്തുകൾ. പ്രണയസാഫല്യത്തിനായി കത്തുകൾ അയയ്ക്കുന്നവരും കുറവല്ല. കൂടാതെ ഗൃഹപ്രവേശനത്തിന് ക്ഷണിക്കൽ, ഉദ്ദിഷ്ടകാര്യം സാധിച്ചതിന് നന്ദിപ്രകടനം തുടങ്ങി വൈവിധ്യമാർന്ന കത്തുകളാണ് സന്നിധാനത്തെ തപാൽ ഓഫീസിൽ പ്രതിദിനംകിട്ടിക്കൊണ്ടിരിക്കുന്നത്. സന്നിധാനത്തെ ജോലി ഒരു വ്രതാനുഷ്ഠാനംപോലെ കരുതുന്ന പോസ്റ്റ്മാസ്റ്റർ എം. അയ്യപ്പൻ ഈ കത്തുകൾ അന്നന്ന് തന്നെ എക്‌സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറിക്കൊണ്ടിരിക്കുന്നു.
സന്നിധാനത്തെ പോസ്‌റ്റോഫീസിൽ അയ്യപ്പഭഗവാന്റെ പേരിൽ ഇന്നലെ(29)വരെ മണിഓർഡറായി ലഭിച്ചത് 19104 രൂപ. മണിഓർഡറുകളുടെ തുക അതത് ദിവസം തന്നെ എക്‌സിക്യൂട്ടീവ് ഓഫീസർക്ക് പോസ്റ്റമാസ്റ്റർ കൈമാറും. ഇതിന് പുറമേ തപാൽവകുപ്പിന്റെ മൈസ്റ്റാമ്പ് പദ്ധതിയിൽ സ്വന്തം ഫോട്ടോ ഉൾക്കൊള്ളുന്ന സ്റ്റാമ്പ് തയ്യാറാക്കി വാങ്ങുന്നതിന് ഭക്തരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. സ്വാമിവേഷത്തിൽ സ്റ്റാമ്പ് തയ്യാറാക്കി വാങ്ങുന്നതിനാണ് ഭക്തർക്ക് താൽപ്പര്യം. അഞ്ചുരൂപയുടെ പന്ത്രണ്ട് സ്റ്റാമ്പുകളടങ്ങുന്ന ഒരു ഷീറ്റാണ് 300രൂപയ്ക്ക് മൈസ്റ്റാമ്പ് പദ്ധതിയിൽ നൽകുന്നത്. ഒന്നിൽ കൂടുതൽ ഷീറ്റുകൾ എടുക്കുന്നവർക്ക് അധികമായെടുക്കുന്ന ഓരോ ഷീറ്റിനും 270രൂപയാണ് ഇടാക്കുന്നത്. സ്വന്തം ഫോട്ടോയുള്ള തപാൽസ്റ്റാമ്പുകൾ കരസ്ഥമാക്കി അയയ്ക്കാൻ കഴിയുമെന്നതാണ് തപാൽവകുപ്പിന്റെ മൈസ്റ്റാമ്പ് പദ്ധതിയുടെ പ്രത്യേകത. സന്നിധാനത്തെ തപാൽവകുപ്പിന്റെ സീലിനും ഒരു പ്രത്യേകതയുണ്ട്. പതിനെട്ടാംപടിയിൽ അയ്യപ്പൻ ഇരിക്കുന്ന രൂപമാണ് സീലിൽ ആലേഖനം ചെയ്തിട്ടുള്ളത്. ഒരു പോസ്റ്റ്്മാസ്റ്ററും രണ്ട് പോസ്റ്റ്മാൻമാരും നാല് അസിസ്റ്റന്റ്മാരും അടങ്ങുന്നതാണ് സന്നിധാനത്ത് മാളികപ്പുറം ക്ഷേത്രത്തിന് താഴെയായുള്ള തപാൽഓഫീസ്.