2024-25 വർഷത്തെ രണ്ടാം വിള നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ പാടശേഖര സമിതികളുടെയും, പാഡി മാർക്കറ്റിംഗ് ഓഫീസർമാരുടെയും സപ്ലൈകോ ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം കൃഷി വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്നു.

കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒൻപതിനായിരം (1800 ഏക്കർ) സംഭരണത്തിലെ വിഷയങ്ങൾ പാടശേഖരസമിതി സംഘടനാപ്രതിനിധികൾ, കർഷക പ്രതിനിധികൾ, പാഡി മാർക്കറ്റിംഗ് ഓഫീസർമാർ എന്നിവർ വിശദീകരിച്ചു. ആലപ്പുഴ ജില്ലയിൽ നെല്ലിന്റെ ഗുണനിലവാരമനുസരിച്ച് മുൻകാലങ്ങളിൽ ചെറിയതോതിൽ കിഴിവ് കർഷകർ അനുവദിച്ചിരുന്നു. എന്നാൽ കോട്ടയം ജില്ലയിൽ ഈ കിഴിവ് മില്ലുടമകൾ ആവശ്യപ്പെട്ടുവെങ്കിലും അനുവദിക്കാൻ കഴിയില്ല എന്ന നിലപാടാണ് പടശേഖരസമിതി സ്വീകരിച്ചിട്ടുള്ളത്. ആയതിനാൽ കൊയ്ത നെല്ല് സംഭരിക്കാൻ കഴിയാത്ത സാഹചര്യമാണ്. മന്ത്രിമാർ വിളിച്ചുചേർത്ത യോഗത്തിലും പാടശേഖരസമിതി ഇതേ നിലപാട് ആവർത്തിച്ചു. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാമെന്നും കോട്ടയം ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസ് ഉപരോധം അവസാനിപ്പിക്കണമെന്നും പാടശേഖരസമിതി നേതാക്കളോട് മന്ത്രിമാർ അഭ്യർത്ഥിച്ചു. സപ്ലൈകോ ചെയർമാൻ പി.ബി. നൂഹിനെ പാടശേഖരം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ യോഗം ചുമതലപ്പെടുത്തി.

യോഗത്തിൽ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, സപ്ലൈകോ സി.എം.ഡി പി.ബി.നൂഹ്, കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, അഡീഷണൽ സെക്രട്ടറി എ.എസ് പ്രവീൺ, പാഡി മാർക്കറ്റിംഗ് മാനേജർ അനിത, പാടശേഖരസമിതിയെ പ്രതിനിധീകരിച്ച് ബേബി. പി.സി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

2024-25 ൽ ഇതുവരെ 71,239 കർഷകരിൽ നിന്നായി 1.6 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. സംഭരിച്ച നെല്ലിന്റെ ആകെ വിലയായ 507.88 കോടി രൂപയിൽ ഫെബ്രുവരി 28 വരെ സംഭരിച്ച നെല്ലിന്റെ വിലയായ 362.35 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.