ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനും വേണ്ടി സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്‌ജെൻഡർ സംസ്ഥാന കലോത്സവം ‘വർണ്ണപ്പകിട്ട്’ മാർച്ച് 16, 17 തീയതികളിലായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.

ട്രാൻസ്‌ജെൻഡർ ക്ഷേമത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള ഒരു കലാസംഘം രൂപീകരിക്കുകയും, ആവശ്യമായ പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ പൊതുസ്വീകാര്യതയും, സ്വാഭിമാനവും ഉയർത്തുന്നതിനും, സ്വയംപര്യാപ്തത കൈവരിക്കുന്നതിന് പ്രാപ്തമാക്കുകയും ചെയ്യക എന്ന ലക്ഷ്യത്തോടെ ‘അനന്യം’ എന്ന പേരിൽ രൂപീകരിച്ചിരിക്കുന്ന കലാസംഘത്തിന്റെ ആദ്യ പരിപാടിയുടെ പ്രദർശനോദ്ഘാടനവും. ട്രാൻസ്‌ജെൻഡർ ഫെസ്റ്റിന്റെ ഉദ്ഘാടനവും മാർച്ച് 16 ന് വൈകുന്നേരം 5 മണിക്ക് ഇതേ വേദിയിൽ വച്ചു ഉന്നതവദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ്മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ ആര്യരാജേന്ദ്രൻ, ഡോ. ശശിതരൂർ എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, വാർഡ് കൗൺസിലർ പാളയം രാജൻ എന്നിവർ വിശിഷ്ട അതിഥികൾ ആയിരിക്കും.

യുവജനങ്ങളെയും, വിദ്യാർത്ഥികളെയും കലോത്സവത്തിന്റെ ഭാഗമാക്കിക്കൊണ്ട് വിപൂലമായ പരിപാടികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ‘നമ്മളിൽ ഞങ്ങളുമുണ്ട്’ എന്നതാണ് കലോത്സവത്തിന്റെ ടാഗ്‌ലൈൻ. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സമൂഹത്തിൽ കൂടുതൽ ദൃശ്യതയും, സ്വീകാര്യതയും ഉറപ്പു വരുത്തുവാൻ ഈ കലോത്സവം വഴിയൊരുക്കും.

സാമൂഹിക, രാഷ്ട്രീയ-സാംസ്‌കാരിക പ്രതിഭകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ മുന്നോടിയായി മാർച്ച് 16 ന് വൈകുന്നേരം 4 ന് വർണ്ണശബളമായ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. തിരുവനന്തപൂരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ആരംഭിച്ച് നിശാഗന്ധിയിൽ അവസാനിക്കുന്ന തരത്തിലാണ് ഘോഷയാത്ര ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളം, മുത്തുക്കുട വിവിധ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ വർണ്ണാഭമായി സംഘടിപ്പിക്കുന്ന വിളംബര ഘോഷയാത്രയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളോടൊപ്പം വിവിധ സാമുഹിക, രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ, നഗരപരിധിയിലുള്ള വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ. അധ്യാപകർ, എൻ.സി.സി/എൻ.എസ്.എസ് വോളൻറ്റിയർമാർ, സാമൂഹ്യ നീതി വകുപ്പിലെ ജീവനക്കാർ എന്നിവർ പങ്കെടുക്കും. വിളംബര ഘോഷയാത്ര യൂണിവേഴ്‌സിറ്റി പരിസരത്ത് വച്ച് മന്ത്രി ആർ. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യും. വിളംബര ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം വുമൺസ് കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബും സംഘടിപ്പിക്കും.