* സമാപന സമ്മേളനം 22ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
വാഗമണ്‍ അന്താരാഷ്ട്ര ടോപ് ലാന്‍ഡിംഗ് ആക്കുറസി കപ്പ് മാര്‍ച്ച് 19 മുതല്‍ 23 വരെ വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയും അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് സംഘടനയുടെയും ഏറോ ക്ലബ് ഓഫ് ഇന്ത്യയുടെയും സാങ്കേതിക സഹായത്തോടെയുമാണ് വാഗമണ്‍ ഇന്റര്‍നാഷണല്‍ ടോപ് ലാന്‍ഡിംഗ് ആക്കുറസി കപ്പ് സംഘടിപ്പിക്കുന്നത്. 75 മത്സരാര്‍ത്ഥികളും നാല്പതിലധികം വിദേശ ഗ്ലൈഡറുകളും പങ്കെടുക്കും.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, യുഎസ്, യുകെ, നേപ്പാള്‍, ബെല്‍ജിയം, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി, ബ്രസീല്‍, ജോര്‍ജിയ, മലേഷ്യ, തായ്ലന്‍ഡ്, ഭൂട്ടാന്‍, പെറു, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, സ്വീഡന്‍, കാനഡ, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ മത്സരാര്‍ത്ഥികളും ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര മത്സരാര്‍ത്ഥികളും പങ്കെടുക്കും.
മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നയാള്‍ക്ക് 1,50,000 രൂപയും രണ്ടാം സ്ഥാനത്തിന് 1,00,000 രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനമായി ലഭിക്കുക.
സമാപന സമ്മേളനം മാര്‍ച്ച് 22ന് ഉച്ചക്ക് 12ന് പൊതുമരാമത്ത് – വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാഗമണ്‍ ഇന്റര്‍നാഷണല്‍ കപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിക്കും.
വാഴൂര്‍ സോമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി., എം.എല്‍.എമാരായ എം.എം. മണി, പി.ജെ. ജോസഫ്, എ. രാജ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ജില്ലാ കളക്ടര്‍ വി.വിഗ്‌നേശ്വരി, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. ജോസഫ്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ്, ത്രിതല പഞ്ചായത്തംഗങ്ങളായ കെ.ടി ബിനു, ആശ ആന്റണി, ശ്രുതി പ്രദീപ്, സിനി വിനോദ്, ടൂറിസം വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ജി.എല്‍. രാജീവ്, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ഷൈന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിതീഷ് ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും.