* ജില്ലയെ 2030-ഓടെ ക്ഷയരോഗ മുക്തമാക്കും
വയനാട് ജില്ലയില്‍ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി ആരോഗ്യ വകുപ്പ് 2,46,866 പേരില്‍ പരിശോധന നടത്തിയതായി ജില്ലാ ടി.ബി ഓഫീസര്‍ പ്രിയ സേനന്‍ അറിയിച്ചു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അവര്‍. രോഗ ബാധിതരെ വേഗത്തില്‍ കണ്ടെത്തി അണു ബാധിതരുടെ വ്യാപനം തടഞ്ഞ് ജില്ലയെ 2030- ഓടെ ക്ഷയരോഗ മുക്തമാക്കുകയാണ് ലക്ഷ്യം.
ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി ജില്ലയില്‍ ഡിസംബര്‍ 18 മുതല്‍ മാര്‍ച്ച് 17 വരെ നടന്ന ക്ഷയരോഗ പരിശോധനയിലാണ് 246866 ആളുകളെ പരിശോധനക്ക് വിധേയരാക്കിയത്. പരിശോധനയില്‍ കണ്ടെത്തിയ രോഗലക്ഷണങ്ങളുള്ള 4537 പേരില്‍ 4001 പേര്‍ക്ക് ആധുനിക നാറ്റ് പരിശോധനയും 536 പേരില്‍ എക്സ്റേ പരിശോധനയും നടത്തി. രണ്ട് മാസത്തിനകം നടത്തിയ പരിശോധനയില്‍ 99 പുതിയ ക്ഷയരോഗ ബാധിതരെ ജില്ലയില്‍ കണ്ടെത്തിയതായി ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം ഓഫീസര്‍ സമീഹ സൈതലവി പറഞ്ഞു.
ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സാഹചര്യം, പോഷകാഹാരക്കുറവ്, ശുചിത്വമില്ലായ്മ എന്നിവ രോഗ വ്യാപനത്തിന് കാരണമാവുന്നുണ്ട്. ആരോഗ്യ വകുപ്പ് ഊര് മൂപ്പന്മാരുമായി നടത്തിയ മുഖാമുഖത്തില്‍ ഉന്നതികളിലെ മുഴുവന്‍ ആളുകളിലും ക്ഷയരോഗ പരിശോധന നടത്തുകയും പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
ജില്ലയില്‍ ക്ഷയരോഗ പരിശോധനയ്ക്കായി മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ്, ലാബ് സൗകര്യങ്ങളോടെ 10 മൊബൈല്‍ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ വകുപ്പിന് കീഴില്‍ അഞ്ചും ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മൂന്നും പട്ടികവര്‍ഗ്ഗ വികസനവകുപ്പിന് കീഴില്‍ രണ്ടും യൂണിറ്റുകളാണുല്‌ളത്. ക്ഷയരോഗ ബാധിതരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗ സാധ്യതയുള്ളതിനാല്‍ മുഴുവന്‍ ആളുകളെയും കണ്ടെത്തി ആരോഗ്യ വകുപ്പ് ഇഗ്ര ടെസ്റ്റ് നടത്തുന്നുണ്ട്. നവജാത ശിശുക്കളിലെ ബി.സി.ജി വാക്‌സിനേഷന്‍ രോഗപ്രതിരോധത്തിന് നിര്‍ണ്ണായകമാണ്.