മുണ്ടക്കൈ, ചൂരൽമല പുനരധിവാസ ടൗൺഷിപ്പിനുള്ള ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാർച്ച് 24 വരെ സമ്മതപത്രം നൽകാം. ടൗൺഷിപ്പിലേക്ക് 122 ഗുണഭോക്താക്കളാണ് ഇതുവരെ സമ്മതപത്രം നല്‍കിയത്. 107 പേർ വീടിനായും 15 പേർ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നല്‍കിയത്. രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താക്കൾക്ക് മാർച്ച് 25 മുതൽ ടൗൺഷിപ്പിലേക്കും സാമ്പത്തിക സഹായത്തിനും സമ്മതപത്രം നൽകാം. രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട 160 ഗുണഭോക്താക്കള്‍ക്ക് വില്ലേജ് ഓഫീസര്‍ മുഖേന വീടുകളിലെത്തി സമ്മതപത്രത്തിനുള്ള ഫോറം നല്‍കി തുടങ്ങിയതായും ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. ടൗണ്‍ഷിപ്പില്‍ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20ന് പ്രസിദ്ധീകരിക്കും.