അയന സുനീഷിന്റെ സ്വപ്നങ്ങളിൽ ഇപ്പോൾ ടൗൺഷിപ്പിന്റെ മനോഹാരിതയാണ്. ഉരുൾപൊട്ടൽ തകർത്തു കളഞ്ഞ ജീവിതം വീണ്ടും തളിർക്കുമെന്ന സ്വപ്നം. പുതിയ വീട് ടൗൺഷിപ്പിൽ ആകുമ്പോൾ വീണ്ടും കൂട്ടുകാർക്കൊപ്പം ഒരേ സ്ഥലത്ത് ജീവിക്കാം എന്നതിൽ അതിയായ സന്തോഷം. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പ് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സജ്ജമാകുകയാണ്. സർക്കാർ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് ഒന്നാംഘട്ട ഗുണഭോക്ത്യ പട്ടികയില്‍ ഉള്‍പ്പെട്ട 170 പേര്‍ സമ്മതപത്രം നൽകി. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീട് നിര്‍മ്മിക്കുക. പ്രധാന മുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് വീടില്‍ ഉള്‍പ്പെടുന്നത്. ടൗൺഷിപ്പിന്റെ ഭാഗമായി ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ നിര്‍മ്മിക്കും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം പാടില്ലെന്നതാണ് വ്യവസ്ഥ. പാരമ്പര്യ കൈമാറ്റം നടത്താം. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലാണ് വീടും സാമ്പത്തിക സഹായവും ലഭിക്കുക. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെങ്കില്‍ പ്രായപൂര്‍ത്തിയായ ശേഷം കുട്ടിയുടെ പേരിലേക്കും ഉടമസ്ഥാവകാശം ലഭിക്കും. സംഘടനകള്‍, സ്പോണ്‍സര്‍മാര്‍, വ്യക്തിക്കള്‍ വീടുവെച്ച് നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കും.
ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾ അതീവ സന്തുഷ്ടരാണ്. മാർച്ച് 27ന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുഖ്യമന്ത്രി തങ്ങൾക്കായുള്ള വീടിന് തറക്കല്ലിടുമ്പോൾ അധികം വൈകാതെ വാടകവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് എല്ലാ സൗകര്യങ്ങളോടും കൂടി പോകാമെന്ന പ്രതീക്ഷയിലാണ് പുനരധിവാസ ടൗൺഷിപ്പിൽ വീടിനായി അപേക്ഷ സമർപ്പിച്ചവർ.
ഉരുൾപൊട്ടലിൽ രക്ഷപ്പെടുന്നതിനിടെ അപകടം സംഭവിച്ച് പൂർണമായും കിടപ്പിലായ 75ക്കാരനായ തന്റെ ഭർത്താവിനെയും, വിദ്യാർത്ഥികളായ കൊച്ചുമക്കളെയും കൊണ്ടു ഇനിയൊരു വീട് കെട്ടിപ്പടുക്കാൻ തന്റെ മകന് സാധിക്കില്ല. സർക്കാരിന്റെ പുനരധിവാസ പദ്ധതിയായ ടൗൺഷിപ്പിൽ എല്ലാ സൗകര്യങ്ങളോടും കൂടി വീട് കിട്ടുന്നത് ഏറെ ആശ്വാസമെന്ന് ഗിരീഷ് നിവാസിലെ ഗിരിജ പറഞ്ഞു. വാടകവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് എത്രയും പെട്ടെന്ന് എത്താൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് ഇവർ. കുട്ടികളുടെ പഠനവും, ജീവിതം വീണ്ടും കെട്ടിപ്പടുക്കാനും, ദുരിതബാധിതർക്ക് എല്ലാ സൗകര്യങ്ങളോടും കൂടി സർക്കാർ മുന്നോട്ടുവെച്ച ടൗൺഷിപ്പ് ഏറെ സന്തോഷത്തോടെ സ്വീകരിക്കുമെന്നും അവിടെ പഴയതുപോലെ അയൽക്കാരൊത്ത്, കൂട്ടുകാരൊത്ത് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുമെന്നും മാളിയേക്കൽ വീട്ടിൽ ബിന്ദു പറഞ്ഞു.