കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി സംഘടിപ്പിച്ച ‘സന്തോഷകരമായ ഗർഭധാരണവും മാതൃ മാനസികാരോഗ്യവും’ എന്ന വിഷയത്തിൽ നടന്ന സംസ്ഥാനതല കൂടിയാലോചനായോഗം, ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഗർഭകാലത്ത് സന്തോഷകരമായ മാനസികാരോഗ്യ അനുഭവം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സന്തോഷകരമായ ഗർഭധാരണവും മാതൃ മാനസികാരോഗ്യവും എന്ന വിഷയവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിശോധിക്കുക എന്നതാണ് കൂടിയാലോചനായോഗം ലക്ഷ്യമിടുന്നത്. കേരളത്തിലെ ആരോഗ്യ സേവനങ്ങൾ മാതൃകാപരമാണെങ്കിലും മാതൃ മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ആരോഗ്യ സംരക്ഷകർക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. ഗർഭകാലത്തെ മാനസികാരോഗ്യ പ്രശ്നങ്ങൾ കുട്ടിയുടെ ശാരീരിക മാനസിക വികാസത്തെ ബാധിച്ചേക്കാം. മാതൃ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗർഭകാലഘട്ടത്തിലും ഗർഭാനന്തരവും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തം സംബന്ധിച്ചും ആരോഗ്യ സംരക്ഷകരിൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.
ഗർഭിണികൾക്ക് മാനസികാരോഗ്യ ആശങ്കകൾ ചർച്ച ചെയ്യാൻ കഴിയുന്ന സുരക്ഷിതവും പിന്തുണയുള്ളതുമായ ഒരു അന്തരീക്ഷം വളർത്തിയെടുക്കേണ്ടതുണ്ട്. സാമൂഹിക, സാമ്പത്തിക, സാഹചര്യങ്ങൾ കാരണം 15 ശതമാനത്തോളം ഗർഭിണികൾ സംസ്ഥാനത്ത് പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നാണ് കണക്ക്. കൂടാതെ ശരിയായ പരിചരണത്തിലും രക്ഷാകർതൃത്വത്തിലും അമ്മമാരെ ബോധവൽക്കരിക്കേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ യുണിസെഫ് പ്രതിനിധി കൗഷിക് ഗാംഗുലി വിഷയാവതരണം നടത്തി. കമ്മിഷൻ അംഗം ബി.മോഹൻ കുമാർ അധ്യക്ഷനായി. കെ.കെ.ഷാജു സ്വാഗതവും ഡോ. എഫ്. വിൽസൺ നന്ദിയും ആശംസിച്ചു. ഐ.എ.പി പ്രസിഡന്റ് ഡോ. റിയാസ് ശിശുപരിചരണവും ഉത്തരവാദിത്ത രക്ഷാകർതൃത്വം എന്ന വിഷയവും ഗൈനക്കോളജിസ്റ്റ് ഡോ. എൻ.ആർ. റീന ഗർഭകാലഘട്ടത്തിലെ പരിചരണവും സംരക്ഷണവും സംബന്ധിച്ച് കുടുംബാംഗങ്ങൾക്കുള്ള ബോധവത്കരണം എന്ന വിഷയവും അവതരിപ്പിച്ചു.
സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. മോഹൻ റോയ് ഗർഭസ്ഥരായ സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയം അവതരിപ്പിച്ചു. തുടർന്ന് പൊതുചർച്ചയും അവലോകനവും നടന്നു. കമ്മിഷൻ അംഗങ്ങളായ സുനന്ദ എൻ, സിസിലി ജോസഫ്, ജലജമോൾ റ്റി.സി. എന്നിവർ മോഡറേറ്റർമാരായി. സർക്കാർ മേഖലയിലെ ഗൈനക്കോളജിസ്റ്റുകൾ, മാനസികാരോഗ്യവിദഗ്ധർ, ശിശുരോഗ വിദഗ്ധർ തുടങ്ങിയർ യോഗത്തിൽ പങ്കെടുത്തു.