ശബരിമല മണ്ഡല -മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍. വാസു പറഞ്ഞു. തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം സന്നിധാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡല തീര്‍ഥാടനം ശാന്തമായും സുഗമമായും നടന്നു വരുകയാണ്. 16ന് നട തുറന്നപ്പോള്‍ സാധാരണയുള്ള ഭക്തജന തിരക്ക് ഉണ്ടായിരുന്നു. ഹര്‍ത്താല്‍ മൂലം ശനിയാഴ്ച ഭക്തജന തിരക്കില്‍ കുറവുണ്ടായി. തീര്‍ഥാടകര്‍ സാധാരണ രീതിയില്‍ ശബരിമലയിലേക്കു വരുന്നുണ്ട്. വിശേഷിച്ചും ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നീ മുന്നൂ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൂടുതലായി എത്തുന്നത്.
30 ലക്ഷം അരവണ കണ്ടെയ്നറുകള്‍ ബള്‍ക്ക് സ്റ്റോക്ക് എന്ന നിലയില്‍ സംഭരിച്ചിട്ടുണ്ട്. ആവശ്യത്തിന് അപ്പവുമുണ്ട്. തീര്‍ഥാടകര്‍ക്ക് വഴിപാടുകള്‍ സുഗമമായി നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അപ്പം, അരവണ വിതരണത്തിന് നിലവിലുള്ള കൗണ്ടറുകള്‍ പര്യാപ്തമാണ്. കൂടുതല്‍ കൗണ്ടറുകള്‍ ആവശ്യമുണ്ടോയെന്ന കാര്യം പരിശോധിച്ച ശേഷം ബോര്‍ഡ് തീരുമാനിക്കും. സന്നിധാനത്തെ ദേവസ്വം ബോര്‍ഡിന്റെ അന്നദാനം സുഗമമായി നടന്നു വരുന്നു. ശബരിമലയില്‍ എത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള സൗകര്യം അന്നദാനമണ്ഡപത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടതടവില്ലാതെ അന്നദാനമണ്ഡപത്തില്‍ ആഹാരം വിതരണം ചെയ്യുന്നുണ്ട്. ഇതിനു പുറമേ ദേവസ്വം ബോര്‍ഡിന്റെ ചുമതലയില്‍ 12 സ്ഥലത്ത് ഔഷധ കുടിവെള്ള വിതരണം നടന്നു വരുന്നു. മലകയറി വരുന്ന തീര്‍ഥാടകര്‍ക്ക് ചെറു ചൂടോടെയാണ് ഔഷധ കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതിനു പുറമേ തീര്‍ഥാടകര്‍ക്കായി ഓക്സിജന്‍ പാര്‍ലറുകള്‍, എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്ററുകള്‍ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക സാഹചര്യത്തില്‍ പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അസൗകര്യം ഉള്ളവ ബോര്‍ഡ് ഭാരവാഹികള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. പോലീസിന്റെ കൂടി സമ്മതത്തോടെ അതില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദേവസ്വം കമ്മീഷണര്‍ പറഞ്ഞു.